യാഥാസ്ഥിതികത്വത്തിന്റെ ചട്ടക്കൂട്ടില്‍ നിന്ന് പുറത്തുചാടി നങ്ങ്യാര്കൂത്തിലലിഞ്ഞുഒരു പെണ്‍കുട്ടി. എച്ച്എസ്എസ് വിഭാഗം നങ്ങ്യാര്‍കൂത്ത് വേദിയിലാണ് ജുമാന പകര്ന്നാട്ടത്തിലുള്ള തന്റെ മികവ് തെളിയിച്ചത്.
ജരാസന്ധന്റെ സഹായത്തോടെ ഉഗ്രസേനനെ ബന്ധിച്ച് കാരാഗൃഹത്തിലടയ്ക്കുന്ന കംസന്റെ ധാര്ഷ്ട്യതയായിരുന്നു ജുമാന അവതരിപ്പിച്ചത്. മിഴാവ്, ഇടയ്ക്ക്, കുഴിത്താളം എന്നിവയുടെ താളക്രമമായ ശബ്ദത്തില്‍ കൃഷ്ണ ചരിത്രത്തെ ആംഗ്യഭാവ ചേഷ്ടകളിലൂടെ അവതരിപ്പിച്ചപ്പോള്‍ ജുമാന കഥയുടെ ആഴങ്ങളിലേക്ക് അലിഞ്ഞുചേരുകയായിരുന്നു.
ആലപ്പുഴ താമരക്കുളം വിജ്ഞാനവിലാസം എച്ച്എസ്എസില്‍ പ്ലസ്ടുവിന് പഠിക്കുന്ന ജുമാനയ്ക്ക് ബാല്യം മുതല്‍ക്കെ നങ്ങ്യാര്കൂത്തെന്ന ക്ഷേത്രകലയോട് ആഭിമുഖ്യമുണ്ടെന്ന് മാതാപിതാക്കളായ രജിസ്ട്രേഷന് വകുപ്പ് ജീവനക്കാരന് ഷാജഹാനും ഹിന്ദി പ്രചാരസഭയില്‍ ടീച്ചറായി തിരുവനന്തപുരത്ത് ജോലിനോക്കുന്ന സൗദയും പറഞ്ഞു. കലാമണ്ഡലം പ്രസന്നയാണ് ജുമാനയുടെ ഗുരു. നങ്ങ്യാര്‍കൂത്തിന് പുറമെ ഭരതനാട്യവും കുച്ചുപ്പുടിയുമായാണ് ജുമാന കലോത്സവത്തിലെത്തുന്നത്. 2014ല്‍ രണ്ടാം സ്ഥാനവും 15ല്‍ മൂന്നാം സ്ഥാനവും നങ്ങ്യാകൂത്തില് ജുമാന നേടിയിട്ടുണ്ട്.
പാലക്കാട് കലോത്സവത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് യാഥാസ്ഥിതിക മതമേധാവികള്‍ വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും മകളുടെ ആഗ്രഹത്തിന് മുന്നില്‍ മതാചാര ചട്ടങ്ങളെ ഷാജഹാനും സൗധയും മറികടക്കുകയായിരുന്നു. അജ്മലാണ് ജുമാനയുടെ സഹോദരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: