ന്യൂദല്‍ഹി: സാധാരണക്കാരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു തയ്യാറാക്കിയതാണ് ബജറ്റെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ പറഞ്ഞു. ദരിദ്രര്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കും കൃഷിക്കാര്‍ക്കും വേണ്ടി സമര്‍പ്പിച്ചതാണ് ബജറ്റെന്നും അമിത് ഷാ പറഞ്ഞു.
പ്രതിമാസം ഒരു രൂപ പ്രീമിയത്തില്‍ രണ്ടുലക്ഷത്തിന്റെ അപകട മരണ ഇന്‍ഷുറന്‍സും അടല്‍ പെന്‍ഷന്‍ യോജനയും പ്രതിദിനം ഒരുരൂപയിലും താഴെയുള്ള പ്രധാനമന്ത്രി ജീവന്‍ ജ്യോതി യോജനയും മാതൃകാ പദ്ധതികളാണ്. നിര്‍ഭയ പദ്ധതിക്കായി ആയിരം കോടി രൂപയും കൃഷിക്കാര്‍ക്കാരി പുതിയ പരമ്പരാഗത കൃഷി വികാസപദ്ധതിയും പ്രഖ്യാപിച്ചു. എസ് സി,എസ്ടി, ഒബിസി വിഭാഗങ്ങളിലെ യുവാക്കള്‍ക്കായി വിവിധ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് മുദ്രാബാങ്ക് ആരംഭിക്കുകയും 23,000 കോടിരൂപ വകയിരുത്തുകയും ചെയ്തത് അഭനന്ദനാര്‍ഹമായ നടപടിയാണ്. നമാമി ഗംഗയ്‌ക്കായി 4173കോടിരൂപയും മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്കായി 34,699കോടിരൂപയും വകയിരുത്തിയതും ശ്രദ്ധേയമായി. കള്ളപ്പണം തടയുന്നതിനായി കൂടുതല്‍ ശക്തമായ നിയമനിര്‍മ്മാണം നടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ഉചിതമാണെന്നും അമിത് ഷാ പറഞ്ഞു.
പുതിയ ഭാരതത്തിന് രൂപം നല്‍കുന്ന ബജറ്റാണ് അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ചതെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് പറഞ്ഞു. രാജ്യത്തിന്റെ മുന്നോട്ടുള്ള വളര്‍ച്ച വ്യക്തമാക്കുന്ന പുരോഗമനാത്മക ബജറ്റാണിത്. ഭാരതത്തില്‍ വ്യാപാരം നടത്തുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കുകയും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് സുരക്ഷിതത്വം പ്രദാനം ചെയ്യുകയും ചെയ്യുന്ന ബജറ്റില്‍ സാര്‍വ്വജനീക സാമൂഹ്യസുരക്ഷആ സംവിധാനവും അടല്‍ പെന്‍ഷന്‍ യോജനയും മികച്ചവതന്നെയാണ്. വിസ ഓണ്‍ അറൈവല്‍ 150 രാജ്യങ്ങളിലേക്ക് വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ വിനോദവ്യവസായ രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് വഴിതെളിക്കും. ഈ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി കേന്ദ്രആഭ്യന്തരവകുപ്പ് പ്രവര്‍ത്തിക്കും. കള്ളപ്പണത്തിനെതിരായ നിയമ നിര്‍മ്മാണവും വലിയ നേട്ടമാണ്. ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് കൂടുതല്‍ സുതാര്യതയും പ്രതിബദ്ധതയും ഭരണസംവിധാനത്തില്‍ ഉണ്ടാക്കുന്നതാണ്, രാജ്‌നാഥ്‌സിങ് പറഞ്ഞു.
















