ന്യൂദല്‍ഹി: സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും അര്‍ഹിക്കുന്ന പ്രാധാന്യം. ഇതില്‍ സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനവും സുരക്ഷയും ലക്ഷ്യമിട്ട് ഗുണകരമായ നിര്‍ദ്ദേശങ്ങളാണ് ബജറ്റില്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മുന്നോട്ട് വച്ചിട്ടുള്ളത്. സ്ത്രീകളുടെ ക്ഷേമത്തിനായി മാത്രം 79,258 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. സ്ത്രീ സുരക്ഷയ്‌ക്കായുള്ള നിര്‍ഭയ പദ്ധതിക്കായി 1000 കോടി രൂപകൂടി വകയിരുത്തി തുക ഇരട്ടിയാക്കി. വനിതകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നാണ് ബജറ്റ് അവതരണ വേളയില്‍ ജയ്റ്റിലി വ്യക്തമാക്കിയത്. 2013 ല്‍ കോണ്‍ഗ്രസ് ഭരണകൂടം നിര്‍ഭയ പദ്ധതിക്കായി 1000 കോടി രൂപയാണ് നീക്കിവച്ചിരുന്നത്.
സാമ്പത്തിക പരാധീനതമൂലം വിദ്യാഭ്യാസം പാതിവഴില്‍ ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥയ്‌ക്ക് ഇനിമുതല്‍ അറുതിയാകും. പ്രധാനമന്ത്രി വിദ്യാലക്ഷ്മി കാര്യക്രം പദ്ധതിയിലൂടെയാണ് എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നത്. ഇതിനായി പൂര്‍ണമായും സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ സ്റ്റുഡന്റ് ഫിനാന്‍ഷ്യല്‍ എയ്ഡ് അതോറിറ്റി രൂപീകരിക്കാനും ബജറ്റില്‍ ശുപാര്‍ശയുണ്ട്. വിദ്യാഭ്യാസ വായ്‌പ, സ്‌കോളര്‍ഷിപ്പ് കാര്യങ്ങള്‍ നിരീക്ഷിക്കുകയും നടപ്പാക്കുകയും ചെയ്യുന്നത് ഈ അതോറിറ്റിയായിരിക്കും. കുട്ടികളുടെ ക്ഷേമത്തിനായുള്ള കേന്ദ്രസര്‍ക്കാരിന്റെ സുപ്രധാന ചുവടുവയ്‌പ്പായി ഈ പദ്ധതിയെ വിശേഷിപ്പിക്കാം. കൂടാതെ സമ്പൂര്‍ണ ശിശു വികസന പദ്ധതിക്കായി 1,500 കോടി രൂപയും സമ്പൂര്‍ണ ശിശു സംരക്ഷണ പദ്ധതിക്കായി 500 കോടി രൂപയുമാണ് നീക്കിവച്ചിരിക്കുന്നത്.
പെണ്‍കുട്ടികള്‍ക്കായി മോദി സര്‍ക്കാര്‍ രൂപകല്‍പന ചെയ്ത ലഘുസമ്പാദ്യ പദ്ധതിയായ സുകന്യ സമൃദ്ധി യോജനയിലെ നിക്ഷേപങ്ങള്‍ക്ക് പൂര്‍ണ നികുതിയിളവാണ് വരുത്തിയിരിക്കുന്നത്. പത്തുവയസ്സിന് ശേഷം കുട്ടിക്ക് സ്വന്തമായി അക്കൗണ്ട് കൈകാര്യം ചെയ്യാന്‍ സാധിക്കും വിധത്തിലുള്ളതാണ് ഈ പദ്ധതി. 14 വയസ്സുവരെ പദ്ധതിയില്‍ നിക്ഷേപം നടത്താം.
ബേട്ടിബച്ചാവോ-ബേട്ടിപഠാവോ ക്യാമ്പെയ്ന്‍ ഉടന്‍ ആരംഭിക്കുമെന്നും ശേഷിക്കുന്ന പ്രാഥമിക വിദ്യാലയങ്ങളില്‍ ശൗചാലയങ്ങള്‍ നിര്‍മിക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കുന്നു.
















