കൂടംകുളം ആണവോര്‍ജ്ജ നിലയത്തിലെ രണ്ടാം യൂണിറ്റ് 2015-16 കാലയളവില്‍ കമ്മീഷന്‍ ചെയ്യുമെന്നത് ബജറ്റിന്റെ തിളക്കമേറ്റുന്ന പ്രഖ്യാപനങ്ങളിലൊന്നായി. ഊര്‍ജ്ജരംഗത്തെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് പുതിയ അഞ്ച് അള്‍ട്രാ മെഗാ പദ്ധതികള്‍ ത്വരിത ഗതിയില്‍ സ്ഥാപിക്കും. ഒരു ലക്ഷം കോടി രൂപ ഇതിനായി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പദ്ധതികള്‍ ഏതൊക്കെ സംസ്ഥാനങ്ങളിലാണെന്നു വെളിപ്പെടുത്തിയിട്ടില്ല. ഈ പദ്ധതികളുടെ ലേലത്തിനു മുന്‍പ് തന്നെ അവയ്‌ക്കാവശ്യമായ എല്ലാ അനുമതികളും നല്‍കും. പരസ്പ്പരം ബന്ധിപ്പിക്കുകയും ചെയ്യും.
ഖനി സെസ് ഇരട്ടിയാക്കല്‍, ദേശീയ പശ്ചാത്തല സൗകര്യ വികസന നിക്ഷേപ ഫണ്ടിന്റെ (നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്) സ്ഥാപനം തുടങ്ങിയ നിര്‍ദേശങ്ങള്‍ പാരമ്പര്യേതര ഊര്‍ജ്ജ മേഖലയ്‌ക്ക് ഉണര്‍വേകും.
2022ഓടെ 1, 75,000 മെഗാവാട്ട് എന്ന ലക്ഷ്യം നേടാന്‍ ഊര്‍ജ്ജോത്പാദനം കാര്യക്ഷമമാക്കും. 100000 മെഗാവാട്ട് സൗരോര്‍ജ്ജത്തില്‍ നിന്നു കണ്ടെത്തും. കാറ്റില്‍ നിന്ന് 60000 മെഗാവാട്ടും ബയോമാസില്‍ നിന്ന് 10000 മെഗാവാട്ടും ചെറിയ ഹൈഡ്രോ ഇലക്ട്രിക്ക് പദ്ധതികളില്‍ നിന്ന് 5000 മെഗാവാട്ടും ലക്ഷ്യമിടുന്നു. 2020 ഓടുകൂടി അവശേഷിക്കുന്ന 20,000 ഗ്രാമങ്ങളെയും സമ്പൂര്‍ണമായി വൈദ്യുതവത്കരിക്കുമെന്നും ബജറ്റ് ഉറപ്പുനല്‍കുന്നു.
















