കൊച്ചി: സെല്‍ഫ് എംപ്ലോയ്‌മെന്റ് ആന്‍ഡ് ടാലന്റ് യൂട്ടിലൈസേഷന്‍ (എസ്ഇടിയു) പരിപാടിക്കായി ആയിരം കോടി രൂപ വകയിരുത്തുന്നതിനുള്ള കേന്ദ്ര ബജറ്റ് നിര്‍ദ്ദേശത്തെ സ്റ്റാര്‍ട്ടപ്പ് വില്ലേജ് സ്വാഗതം ചെയ്തു. സാങ്കേതിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളുടെ ഇന്‍കുബേഷന് ഇത് കരുത്തുപകരുമെന്ന് സ്റ്റാര്‍ട്ടപ്പ് വില്ലേജ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍ ചൂണ്ടിക്കാട്ടി.
എസ്ഇടിയുവിനുള്ള ബജറ്റ് വിഹിതവും അടല്‍ ഇന്നൊവേഷന്‍ മിഷന് വകയിരുത്തിയ 150 കോടി രൂപയും ഇന്‍കുബേറ്ററുകള്‍ക്കുള്ള ബജറ്റ് വിഹിതവും സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള സീഡ് ഫണ്ടിംഗും വര്‍ധിപ്പിക്കുമെന്ന് സഞ്ജയ് പറഞ്ഞു. ലോകനിലവാരത്തിലുള്ള ഇന്നൊവേഷന്‍ ലാബുകള്‍ സൃഷ്ടിക്കാനും അതിലൂടെ സോഫ്റ്റ്‌വെയര്‍ മേഖലയിലുണ്ടാകുന്ന തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള പരിപാടിയാണ് അടല്‍ ഇന്നൊവേഷന്‍ മിഷന്‍.
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകളെ പ്രോല്‍സാഹിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഇന്റര്‍നെറ്റും മൊബൈല്‍ ആപ്പുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ ഉത്തേജനം നല്‍കും. സെബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എയ്ഞ്ചല്‍ ഫണ്ടുകളുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായ പ്രഖ്യാപനങ്ങളിലെ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി സ്റ്റാര്‍ട്ടപ്പ് വില്ലേജ് എയ്ഞ്ചല്‍ ഫണ്ട് ആഗോള നിക്ഷേപകര്‍ക്കായി തുറന്നിരിക്കുകയാണെന്നും സ്റ്റാര്‍ട്ടപ്പ് വില്ലേജ് സിഇഒ പ്രണവ് കുമാര്‍ ചൂണ്ടിക്കാട്ടി.
വിദേശ നിക്ഷേപങ്ങളെ ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകളായി (എഐഎഫ്) അനുവദിക്കുമെന്നതാണ് ബജറ്റിലെ നിര്‍ദ്ദേശങ്ങളിലൊന്ന്. പ്രവര്‍ത്തന മൂലധനം സ്വരൂപിക്കുന്നതില്‍ വിഷമതകള്‍ നേരിടുന്ന സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്‌ക്ക് സഹായകമാകുന്ന നീക്കമാണിത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പുമായി ചേര്‍ന്നുള്ള ഇന്‍കുബേറ്ററുകള്‍ക്ക് ഇപ്പോള്‍ത്തന്നെ സേവനനികുതിയില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. അതുകൊണ്ട് സേവന നികുതി വര്‍ധിപ്പിക്കാനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകൃത ഇന്‍കുബേറ്ററുകളിലെ സ്റ്റാര്‍ട്ടപ്പുകളെ മറ്റു കമ്പനികളെ അപേക്ഷിച്ച് 14 ശതമാനം കൂടുതല്‍ മല്‍സരസ്വഭാവമുള്ളതാക്കി മാറ്റുമെന്നും പ്രണവ് പറഞ്ഞു.
















