ന്യൂദല്‍ഹി: രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളിലെ പോര്‍ട്ടര്‍മാര്‍ ഇനി സഹായക് എന്ന പേരില്‍ അറിയപ്പെടും. കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ച ബജറ്റിലാണ് ഈ പ്രഖ്യാപനം. പോര്‍ട്ടര്‍മാര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
പരമ്പരാഗത രീതികള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുതന്നെ പുത്തന്‍ സാങ്കേതിക വിദ്യകളുടെ നല്ല വശങ്ങള് പോര്‍ട്ടര്‍മാര്‍ക്ക് ലഭ്യമാക്കും. ഇവര്‍ക്ക് സംഘടിത ഇന്‍ഷുറന്‍സ് പരിരക്ഷ നല്കുന്ന കാര്യവും പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
ഭാരതത്തിലെ ആദ്യത്തെ ഓട്ടോ ഹബ് ചെന്നൈയില്‍ ഉദ്ഘാടനം ചെയ്യുമെന്നും റെയില്‍വേ മന്ത്രി അറിയിച്ചു. ടിക്കറ്റിനൊപ്പം യാത്രക്കാരന് ആവശ്യമുണ്ടെങ്കില്‍ ഇന്‍ഷുറന്‍സ് ആവശ്യപ്പെടാനുള്ള സൗകര്യവും ഇനി മുതല്‍ റെയില്‍വേയില്‍ ലഭ്യമാകും.
തീര്‍ഥാടക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ആസ്ത ട്രെയിനുകള്‍ വരും. രാജ്യത്തെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളിലെ സ്റ്റേഷനുകള്‍ സൗന്ദര്യവല്‍ക്കരിക്കുന്നതിന് മുന്‍ഗണന നല്‍കും. അജ്മീര്‍, അമൃതസര്‍, ബിഹാര്‍ ശരീഫ്, ദ്വാരക, മധുര, നാഗപ്പട്ടണം, നാസിക്, തിരുപ്പതി, വേളാങ്കണ്ണി, വാരണാസി, വാസ്കോ സ്റ്റേഷനുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. പ്രധാന സ്റ്റേഷനുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാമത്തെ ബജറ്റാണ് കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ്പ്രഭു അവതരിപ്പിച്ചത്.
















