പൊതുബജറ്റിനെ സ്വാഗതം ചെയ്ത് പ്രമുഖർ രംഗത്തെത്തി. മികച്ച ബജറ്റ് അവതരിപ്പിക്കുക വഴി കേന്ദ്രസർക്കാർ പ്രതിപക്ഷത്തിന്റെ ജോലി കഠിനമാക്കിത്തീർത്തെന്ന് ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. സ്യൂട്ട് ബൂട്ട് സർക്കാരെന്ന പ്രതിപക്ഷ ആരോപണത്തെ ബജറ്റിലൂടെ നേരിടാൻ ധനമന്ത്രിക്ക് സാധിച്ചെന്നും ഒമർ പറഞ്ഞു.
ദരിദ്രരുടേയും ഗ്രാമീണരുടേയും ക്ഷേമം ഉറപ്പാക്കുന്ന ബജറ്റാണ് അരുൺ ജെയ്റ്റ്ലി അവതരിപ്പിച്ചതെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞു. നിരവധി ബജറ്റുകൾ കണ്ടെങ്കിലും അവയേക്കാളെല്ലാം മികച്ച ഒരു ബജറ്റാണ് അരുൺ ജെയ്റ്റ്ലി അവതരിപ്പിച്ചതെന്ന് മുതിർന്ന ബിജെപി നേതാവ് എൽ.കെ അദ്വാനി പറഞ്ഞു. ചരിത്രത്തിലാദ്യമായി റോഡുകളുടെ വികസനത്തിനായി ഒരുലക്ഷം കോടി രൂപ വകയിരുത്തിയ ബജറ്റാണിതെന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്ക്കരിയും സാധാരണ ജനത്തിന് ഇതിലും നല്ല ബജറ്റ് വേറേയുണ്ടായിട്ടില്ലെന്ന് ആഭ്യന്തരസഹമന്ത്രി കിരൺ റിജ്ജുവും പ്രതികരിച്ചു. ഗ്രാമീണ ഭാരതത്തിന്റെ മാറ്റത്തിന് ബജറ്റ് വഴിതുറക്കുമെന്നും റിജ്ജു പറഞ്ഞു.
കൃഷിക്കും ജലസേചനത്തിനും ഏറെ പ്രയോജനകരമായ പദ്ധതികളാണ് ബജറ്റിലുള്ളതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞു. ബജറ്റ് പരീക്ഷയിൽ ജെയ്റ്റ്ലി വിജയിച്ചതായും എല്ലാ വിഭാഗം ജനങ്ങൾക്കും ഗുണകരമായ കാര്യങ്ങൾ ബജറ്റിലുൾപ്പെടുത്തിയിട്ടുണ്ടെന്നും മുൻ ധനമന്ത്രി യശ്വന്ത് സിൻഹ പറഞ്ഞു. രാജ്യത്തിന്റെ മാറ്റത്തിന് അടിത്തറയിടുന്ന ബജറ്റാണിതെന്ന് ഊർജ്ജമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. രാജ്യത്തെ മാറ്റിമറിക്കുന്നതാണ് ബജറ്റെന്ന് കേന്ദ്രപാർലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.
വ്യാവസായിക ലോകവും ജെയ്റ്റ്ലിയുടെ ബജറ്റിനെ അഭിനന്ദിച്ച് രംഗത്തെത്തി. വ്യാവസായിക ലോകത്തുനിന്നും ബജറ്റിന് വലിയ പിന്തുണയാണ് ലഭിച്ചത്. മികച്ച ബജറ്റാണ് ജെയ്റ്റ്ലി അവതരിപ്പിച്ചതെന്ന് സിഐഐ പ്രസിഡൻര് സുമിത് മജൂംദാർ പ്രതികരിച്ചു. ധനകമ്മി 3.5 ശതമാനത്തിൽ നിർത്തുന്നതിൽ ജെയ്റ്റ്ലി വിജയിച്ചു. ഗ്രാമീണ മേഖലയിലും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നൽ നൽകുന്ന ബജറ്റാണിതെന്നും സുമിത് പ്രതികരിച്ചു. രാജ്യത്തിന്റെ മാറ്റത്തിനുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും കാറുകൾക്കുള്ള ആഡംബര നികുതി കാര്യമാക്കേണ്ടതില്ലെന്നും ടൊയോട്ട കിർലോസ്ക്കർ മോട്ടോർ പ്രൈവറ്റ് ലിമിറ്റഡ് വൈസ് ചെയർമാൻ വിക്രം കിർലോസ്ക്കർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: