ഇരിങ്ങാലക്കുട: പ്രധാനമന്ത്രി നരേന്ദ്രമോദി 15ന് കൊല്ലത്ത് അനാച്ഛാദനം ചെയ്യുന്ന മുന്‍ മുഖ്യമന്ത്രി ആര്.ശങ്കറിന്റെ വെങ്കല പ്രതിമ ഒരുക്കിയത് ഇരിങ്ങാലക്കുട കല്ലംകുന്ന് മെറ്റല്‍സില്‍. ശില്പി രാജു തൃക്കാക്കരയുടെ നേതൃത്വത്തിലുള്ള 20തോളം തൊഴിലാളികളുടെ മൂന്നു മാസത്തെ പ്രയത്നം കൊണ്ടാണ് ശില്പം നിര്‍മ്മിച്ചത്. 50 ലക്ഷത്തോളം രൂപ ചിലഴിച്ചാണ് പ്രതിമയും മണ്ഡപവും നിര്‍മ്മിച്ചത്.
വെങ്കലത്തിന്റെ യഥാര്‍ത്ഥ നിറത്തിലാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നതെന്നും ഇത്തരത്തിലുള്ള വെങ്കലപ്രതിമകള്‍ രാജ്യത്ത് അപൂര്‍വ്വമാണെന്നും രാജുപറയുന്നു. സംസ്ഥാനത്ത് ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹങ്ങള്‍ ഏറ്റവും കൂടുതല്‍ നിര്‍മ്മിച്ചിട്ടുള്ള ശില്പിയാണ് രാജു തൃക്കാക്കര. എട്ടുമാസം മുന്‍പ് പ്രതിമയുടെ നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രിയെ കാത്തിരിക്കുകയായിരുന്നു.
1450 കിലോ തൂക്കമുള്ള വെങ്കലപ്രതിമയില്‍ ആര്.ശങ്കറിന്റെ കൈയ്യിലുള്ള ഡയറിയുടെ തൂക്കം 15 കിലോയും കണ്ണടയുടെ തൂക്കം 5 കിലോയുമാണ്. കൊല്ലം എസ്.എന്‍.കോളേജ് മൈതാനിയില്‍ ദേശീയ പാതക്ക് അഭിമുഖമായി 27 ഓളം അടി ഉയരത്തില്‍ നിര്‍മ്മിച്ച രാജകീയ മണ്ഡപത്തിലാണ് പ്രതിമ സ്ഥാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: