ലളിതസംഗീതം ഇക്കുറി ശരാശരി നിലവാരം മാത്രമേ പുലര്‍ത്തിയിട്ടുള്ളൂവെന്ന് ആസ്വാദകര്‍. 55-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ വേദി ശ്രീരാഗ(ടൗണ്‍ഹാള്‍)ത്തില്‍ അരങ്ങേറിയ ലളിതസംഗീതം ഹയര്‍സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികളുടെ മത്സരത്തെക്കുറിച്ചാണ് ‘ശരാശരി’ എന്ന വിശേഷണം നടത്തിയത്.
ടൗണ്‍ഹാളിലെ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിനിര്‍ത്തി 18 പേരാണ് ശ്രീരാഗം വേദിയിലെത്തിയത്. നിശബ്ദതയുടെ താഴ്‌വരയിലിരുന്നുകൊണ്ട് സംഗീതാഭിമുഖ്യമുള്ള സദസ്സ് അക്ഷരാര്‍ത്ഥത്തില്‍ മാറ്റുരയ്‌ക്കുവാനെത്തിയവരെ പ്രോത്സാഹിപ്പിക്കുന്നതും പ്രകടമായിരുന്നു.
ധീരസമീരേ.. യമുനാതീരേ…,നാദലയങ്ങള്‍ ചേര്‍ത്തു…. താളമാലിക ചേര്‍ത്തു…. സരയൂ നദിയുടെ പുളിനങ്ങള്‍ പുല്‍കി… മൃദുമന്ദഹാസം മലര്‍മാലയാക്കിയെന്‍ ഹൃദയത്തില്‍ ചൂടിയ…, സ്മൃതിയില്‍ വാഴും നിനവിലുറങ്ങും… വ്യഥയുടെ നീറ്റലില്‍ അമൃതം പൊഴിക്കുന്ന മധുരംസംഗീതികപോലെ… ഉള്‍പ്പെടെയുള്ള വരികളിലൂടെ ഗന്ധര്‍വ്വകുളിരേ ഗായകര്‍ പാടും ഭൈരവി രാഗത്തില്‍ കീര്‍ത്തനങ്ങളും കടന്നുവന്ന ലളിതസംഗീത മത്സരത്തില്‍ ദീക്ഷിതരും ശ്യാമശാസ്ത്രികളും ഷഡ്കാല ഗോവിന്ദമാരാരും സ്വാതിതിരുനാളും ഉള്‍പ്പെടെയുള്ള സംഗീതലോകത്തെ മഹാരഥന്മാരെ സ്മരിച്ചുകൊണ്ടുള്ള വരികളും ഗായികമാരുടെ ആലാപനത്തില്‍ നിറഞ്ഞുനിന്നു.
















