കലോത്സവത്തിന്റെ താളം തെറ്റിക്കുന്ന അപ്പീലുകള്‍ നിയന്ത്രിക്കാന്‍ മാന്വല്‍ പരിഷ്കരണം ഉള്‍പ്പെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. ആവശ്യമെങ്കില്‍ നിയമനിര്‍മ്മാണത്തിനും സര്‍ക്കാര്‍ ആലോചനയുണ്ട്.
സംസ്ഥാന കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലോത്സവത്തില്‍ പൊളിച്ചെഴുത്ത് ആവശ്യമാണെന്നാണ് സര്‍ക്കാര്‍ നിലപാട്
ഓരോ വര്‍ഷവും നിരവധി മത്സരങ്ങള്‍ കലോത്സവങ്ങളില്‍ ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍ ആദിവാസി വിഭാഗങ്ങളുടെ കലാരൂപങ്ങള്‍ കലോത്സവത്തില്ല. അടുത്തവര്‍ഷം മുതല്‍ ആദിവാസികളുടെ ഏറ്റവും പ്രചാരമുള്ള കലാരൂപം കലോത്സവത്തില്‍ ഉള്‍പ്പെടുത്തും. രചനാമത്സരങ്ങള്‍ ജനത്തിന് കാണുന്നതിനായി കലോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിലെ പ്രധാന വേദിയില്‍ നടന്ന സമാപന സമ്മേളനത്തില്‍ മന്ത്രി ഡോ.എം.കെ. മുനീര്‍ അദ്ധ്യക്ഷത വഹിച്ചു. നടന് ജയറാം, റിമാ കല്ലിങ്കല്‍, സംവിധായകന് ആഷിഖ് അബു എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍, സ്വാതന്ത്ര്യസമരസേനാനി ബാലുശ്ശേരി നാഗപ്പന് നായര്‍ എന്നിവരെ മന്ത്രി പി.കെ. അബ്ദുറബ് ആദരിച്ചു. എം.കെ. രാഘവന് എംപി, എ.പ്രദീപ്കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എംഎല്‍എ, മേയര്‍ പ്രൊഫ. എ.കെ. പ്രേമജം, കോഴിക്കോട്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, വൈസ് പ്രസിഡന്റ് ആര്.ശശി, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോ കുന്നപ്പള്ളി, കോഴിക്കോട് ജില്ലാ കലക്ടര്‍ സി.എ.ലത, ഡിപിഐ കെ. ഗോപാലകൃഷ്ണഭട്ട്, കോര്പ്പറേഷന് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ ഉഷാദേവി ടീച്ചര്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ കെ.പി. ഷീബ, മുന്‍ മന്ത്രി എം.ടി.പത്മ, എന്‍ടിയു സംസ്ഥാന പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്‍മാസ്റ്റര്‍, എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയും ട്രോഫി കമ്മറ്റി കണ്‍വീനറുമായ ടി.എ. നാരായണന്, എന്‍ടിയു ജില്ലാ പ്രസിഡന്റ് പി.ദേവദാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സ്വീകരണ കമ്മിറ്റി ചെയര്മാന് വി.എം. ഉമ്മര്‍ മാസ്റ്റര്‍ എംഎല്‍എ സ്വാഗതവും എഡിപിഐ എല്‍.രാജന് നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ ആലപിച്ച മംഗള ഗാനാലാപനത്തോടെയാണ് സമാപന സമ്മേളനം ആരംഭിച്ചത്.
രമേശ് കാവില്‍ രചനയും സുനില്‍ തിരുവങ്ങൂര്‍ സംഗീത സംവിധാനവും നിര്‍വ്വഹിച്ചതാണ് മംഗളഗാനാലാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: