കോഴിക്കോട്: പിഞ്ചു കുട്ടികളുടെ മുന്നിലിട്ട് സിപിഎമ്മുകാര്‍ കെ. ടി. ജയകൃഷ്ണന് മാസ്റ്ററെ അന്ന് വെട്ടിക്കൊന്നു. ആ അദ്ധ്യാപകന്റെ സ്മരണ നിലനിര്‍ത്താന്‍ സംസ്ഥാന സ്കൂള്‍ കലോത്സവ വിജയികള്‍ക്കായി ഏര്‍പ്പെടുത്തിയ ട്രോഫിയുടെ ചിത്രം പ്രസിദ്ധീകരിച്ചപ്പോള്‍ ജയകൃഷ്ണന് മാസ്റ്ററുടെ തല സിപിഎം പാര്‍ട്ടി പത്രമായ ദേശാഭിമാനി വെട്ടിമാറ്റി. ചുവപ്പന്‍ പാര്‍ട്ടിക്ക് ശത്രുതയുടെ കലിപ്പ് അടങ്ങുന്നില്ല.
കണ്ണൂര്‍ പാനൂരില്‍ മൊകേരി സ്കൂളില്‍ പിഞ്ചു കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കെയാണ് 1999 ഡിസംബര്‍ ഒന്നിന് സിപിഎംകാര്‍ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായിരുന്ന കെ. ടി. ജയകൃഷ്ണന് മാസ്റ്ററെ ക്ലാസില്‍ കയറി വെട്ടിക്കൊന്നത്. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ആ സംഭവം നടന്നിട്ട് 16 വര്‍ഷം കഴിഞ്ഞു. ഇപ്പോള്‍, ആ അദ്ധ്യാപകന്റെ ഓര്‍മ്മയ്ക്കായി, സംസ്ഥാന കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റു നേടുന്ന ജില്ലാടീമിന് സ്മാരക ട്രോഫി സ്പോണ്സര് ചെയ്തു.
കോഴിക്കോട് യുവജനോത്സവ സമാപന വേദിയില്‍ ട്രോഫി വിതരണം ചെയ്യുകയും ചെയ്തു. ഈ ചിത്രം പ്രസിദ്ധീകരിച്ചപ്പോഴാണ് സിപിഎമ്മിന്റെ ഔദ്യോഗിക പത്രമായ ദേശാഭിമാനി ട്രോഫിയുടെചിത്രത്തില്നിന്ന് ജയകൃഷ്ണന് മാസ്റ്ററുടെ തല വെട്ടിമാറ്റിയത്. 16 വര്‍ഷം കഴിഞ്ഞിട്ടും ജയകൃഷ്ണനോടും പ്രസ്ഥാനത്തോടും പാര്‍ട്ടി ഔദ്യോഗികമായി നിലനിര്‍ത്തുന്ന ശത്രുത്വതയാണ് സംഭവം തെളിയിക്കുന്നത്.
മലപ്പുറം മുന്നിയൂര്‍ സ്കുളിലെ ആത്മഹത്യ ചെയ്ത അധ്യാപകനും കെഎസ്ടിഎ പ്രവര്‍ത്തകനുമായിരുന്ന അനീഷിന്റെ സ്മരണനിലനിര്ത്താനും ജയകൃഷ്ണന് മാസ്റ്ററുടെ സ്മരണ നിലനിര്‍ത്താനുമായി രണ്ടു ട്രോഫികളാണ് ഈ വര്‍ഷം സമ്മാനിച്ചത്. ഈ ട്രോഫിക്ക് വരും കാലങ്ങളില്‍ എന്തുതന്നെ സംഭവിച്ചുകൂടാ എന്ന ആശങ്കയാണ് സിപിഎമ്മിന്റെ ഈ തലവെട്ടലിലൂടെ ഉയരുന്നത്.
കുട്ടികളുടെ കലോത്സവങ്ങളെ പോലും സങ്കുചിത രാഷ്ട്രീയ കണ്ണിലുടെ മാത്രം നോക്കിക്കാണാനുള്ള മാര്‍ക്സിസ്റ്റ് വൈകൃതമാണ് ഇതിലൂടെ പുറത്തു ചാടിയിരിക്കുന്നത്. എന്നാല്‍ കൊച്ചുകുട്ടികളുടെ മുന്നില്‍ അദ്ധ്യാപകനെ വെട്ടിക്കൊന്നവര്ക്ക് ചിത്രവധം നടത്താന്‍ എങ്ങനെ മടിയുണ്ടാകുമെന്നാണ് സോഷ്യല്‍ മീഡിയകളില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: