റിയൊ ഡി ജനീറോ: സ്വന്തം മണ്ണിൽ അരങ്ങേറുന്ന ഒൡമ്പിക്‌സിന്റെ ദീപശിഖ തെളിയിക്കാൻ ഇതിഹാസ ഫുട്‌ബോൾ മാന്ത്രികൻ പെലെക്ക് ക്ഷണം. അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മറ്റിയാണ് പെലെയോട് ഇക്കാര്യം അഭ്യർത്ഥിച്ചത്.
എന്നാൽ തന്റെ സ്‌പോൺസർമാരുമായി സംസാരിച്ചു മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയൂ എന്ന് പെലെ കമ്മറ്റിയെ അറിയിച്ചു.
ദീപശിഖ തെളിയിക്കാൻ തനിക്ക് സന്തോഷമേയുള്ളൂവെന്നും എന്നാൽ യുഎസ് കമ്പനിയുമായി കരാറുള്ളതിനാൽ അവരുടെ അനുവാദമില്ലാതെ ഇത്തരം കാര്യങ്ങളിൽ തനിക്ക് തീരുമാനമെടുക്കാനാകില്ലെന്നും പെലെ പറഞ്ഞു.
രാജ്യാന്തര ഒളിമ്പിക് കമ്മറ്റി പ്രസിഡന്റ് തോമസ് ബാക്കും ബ്രസീലിയൻ കമ്മറ്റി മേധാവി കാർലോസ് ആർതർ നുസ്മാനും ചേർന്ന് പെലെയോട് ദീപശിഖ തെളിയിക്കാൻ നേരിട്ട് ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ നിലവിൽ ഒളിമ്പിക് ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കണമെങ്കിൽ സ്‌പോൺസർമാർ തീരുമാനിച്ച ഒരു ട്രിപ്പ് ഒഴിവാക്കേണ്ടിവരുമെന്നുമാണ് പെലെ നൽകിയ മറുപടി.
















