റിയൊ ഡി ജനീറോ: ഔദ്യോഗികമായി പതാക ഉയരും മുൻപേ റിയൊയിൽ ഫുട്‌ബോൾ കളത്തിൽ കേളികൊട്ട് തുടങ്ങി. വനിതകളുടെ പ്രാഥമിക റൗണ്ട് മത്സരങ്ങളോടെയാണ് ലോക കായികമേളയ്‌ക്ക് അനൗദ്യോഗികമായി തുടക്കം കുറിച്ചത്. ആദ്യ മത്സരങ്ങളിൽ ആതിഥേയരായ ബ്രസീൽ, നിലവിലെ സ്വർണജേതാക്കളായ അമേരിക്ക, കരുത്തരായ ജർമ്മനി, ഫ്രാൻസ്, സ്വീഡൻ, കാനഡ ടീമുകൾക്ക് ജയത്തോടെ തുടക്കം.
ഗ്രൂപ്പ് ഇയിൽ ബ്രസീൽ ഏഷ്യൻ ശക്തികളായ ചൈനയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു. ബ്രസീലിനായി മോണിക്ക ഹിക്ക്മാൻ
ആൽവസ്, ആന്ദ്രെസ്സ ഡി സിൽവ, ക്രിസ്റ്റിന റൊസെയ്‌ര എന്നിവർ ലക്ഷ്യം കണ്ടു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സ്വീഡൻ ഏകപക്ഷീയമായ ഒരു ഗോളിന് ദക്ഷിണാഫ്രിക്കയെ കീഴടക്കി. ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം 76-ാം മിനിറ്റിൽ നില്ല ഫിഷർ സ്‌കോറർ.
ഗ്രൂപ്പ് എഫിൽ ജർമ്മനി ഒന്നിനെതിരെ ആറ് ഗോളുകൾക്ക് സിംബാബ്‌വെയെ തകർത്തു. ജേതാക്കൾക്കായി മെലാനി ബെരിഞ്ചർ ഇരട്ട ഗോൾ നേടി. സാറാ ഡബിരിറ്റ്‌സ്, അലക്‌സാൻഡ്ര പോപ്പ്, മെലാനി ല്യൂപൊൽസ് എന്നിവരും സ്‌കോർ ചെയ്തു. സിംബാബ്‌വെ താരം യൂനിസെ ചിബാൻഡയുടെ സെൽഫ് ഗോളും ജർമ്മൻ ജയത്തിന്റെ ആഴം വർധിപ്പിച്ചു. എതിരാളികളുടെ ആശ്വാസം ബസോപോയുടെ ബൂട്ടിൽനിന്ന്. മറ്റൊരു മത്സരത്തിൽ കാനഡ മറുപടിയില്ലാത്ത രണ്ട് ഗോളിന് ഓസ്‌ട്രേലിയയെ കീഴടക്കി. യാനിനെ ബെക്കി, ക്രിസ്റ്റിന സിൻക്ലയർ എന്നിവർ സ്‌കോറർമാർ.
ഗ്രൂപ്പ് ജിയിൽ അമേരിക്ക മറുപടിയില്ലാത്ത രണ്ട് ഗോളിനെ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തി. കാർലി ലോയ്ഡ്, അലക്‌സാൻഡ്ര മോർഗൻ ലക്ഷ്യം കണ്ടു. ഫ്രാൻസ് ഏകപക്ഷീയമായ നാല് ഗോളുകൾക്ക് കൊളംബിയയെ തുരത്തി. കരോലിന ആരിയാസിന്റെ സെൽഫ് ഗോളിലൂടെ മുന്നിലെത്തിയ ഫ്രാൻസിനായി യൂജിൻ ലി സോമ്മർ, കാമിലെ അബിലി, അമിൽ മാജ്രി എന്നിവരും ഗോൾ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: