റിയൊ ഡി ജനീറൊ: ഉത്തേജകമരുന്നു വിവാദം തുടക്കത്തിൽ ചില അസ്വാരസ്യങ്ങൾ ഉയർത്തിയെങ്കിലും അതിനെയെല്ലാം മറികടന്ന് മെഡൽ വാരാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽ വേട്ടയാണ് റിയൊയിൽ ലക്ഷ്യമിടുന്നത്, രണ്ടക്കം തികയ്‌ക്കുകയെന്ന സ്വപ്‌നം. ലണ്ടനിലാണ് ഏറ്റവും കുടുതൽ മെഡൽ സ്വന്തമാക്കിയത്. രണ്ട് വെള്ളിയും നാല് വെങ്കലവുമടക്കം ആറെണ്ണം.
അപ്രാപ്യമൊന്നുമല്ല ഇത്. വലിയ വേദികളിലെ ചങ്കിടിപ്പ് മാറ്റിവെച്ചാൽ നേടാവുന്നതേയുള്ളൂവെന്ന് കഴിഞ്ഞ ചാമ്പ്യൻഷിപ്പിൽ പലരും തെളിയിച്ചു. ആവശ്യമായ മത്സരപരിചയവും വിദേശത്ത് പരിശീലിക്കാനുള്ള അവസരവുമില്ലെന്നായിരുന്നു പരാതി. എന്നാൽ, ഒളിമ്പിക് പോഡിയം പദ്ധതിയിലൂടെ താരങ്ങൾക്ക് മത്സരപരിചയമൊരുക്കി കേന്ദ്ര സർക്കാർ. റിയൊയിൽ എല്ലാവിധ പിന്തുണയും നൽകുമെന്ന് പ്രധാനമന്ത്രി തന്നെ നേരിട്ട് വ്യക്തമാക്കി. പരാതി ഭക്ഷണക്കാര്യത്തിലാണ് സാധാരണ പരാതി ഉണ്ടാകാറുള്ളത്. അതിനു പരിഹാരമായി ഇന്ത്യൻ ഭക്ഷണം നൽകാനുള്ള സൗകര്യങ്ങളും ചെയ്തിട്ടുണ്ട്.
മെഡൽ പട്ടികയിലിടം നേടാൻ യോഗ്യതയുള്ള ഒട്ടേറെ താരങ്ങളുണ്ട് ഇന്ത്യൻ സംഘത്തിൽ. ഒളിമ്പിക്‌സിലെ ഏക വ്യക്തിഗത സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്ര തന്നെ പ്രധാനി. അവസാന ഒളിമ്പിക്‌സിനെത്തുന്ന ബിന്ദ്ര, സ്വർണവുമായി രാജ്യത്തിന്റെ യശസുയർത്തുമെന്നു പ്രതീക്ഷ. ഷൂട്ടിങ്ങിൽ ജീതു റായ്, ഗഗൻ നാരംഗ്, ഗുസ്തിയിൽ യോഗേശ്വർ ദത്ത്, നർസിങ് യാദവ്, ബോക്‌സിങ്ങിൽ വികാസ് കൃഷ്ണൻ, ശിവ ഥാപ്പ, ടെന്നീസിൽ സാനിയ മിർസ, രോഹൻ ബൊപ്പണ്ണ, ലിയാൻഡർ പേസ്, ബാഡ്മിന്റണിൽ സൈന നേവാൾ, ഗോൾഫിൽ അനിർബാൻ ലാഹിരി, ജിംനാസ്റ്റിക്‌സിൽ ദിപ കർമാർക്കർ, അമ്പെയ്‌ത്തിൽ ദീപിക കുമാരി തുടങ്ങിയവരെ എഴുതിത്തള്ളാനാകില്ല. ഹോക്കി ടീമും മെഡൽ പ്രതീക്ഷിക്കുന്നു. അത്‌ലറ്റിക്‌സിലും ലോക നിലവാരമുള്ള പ്രകടനം നടത്തിയ നിരവധി പേരുണ്ട് ടീമിൽ. ട്രാക്ക്-ഫീൽഡ് ഇനങ്ങളിൽ നിന്നുള്ള ആദ്യ മെഡൽ റിയൊയിൽ പിറക്കുമെന്നും പ്രതീക്ഷയുണ്ട് ടീമിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: