റിയോ ഡി ജനീറോ: ഇന്ത്യൻ ഒളിമ്പിക്‌സ് സ്വപ്‌നങ്ങൾക്ക് നിറം പകരുക എന്ന ഉദ്ദേശ്യത്തോടെ പുരുഷ വിഭാഗത്തിൽ ജിത്തു റായ്, ഗുർപ്രീത്‌സിങ്, വനിതകളിൽ അപൂർവി ചന്ദേല, അയോണിക പോൾ തുടങ്ങിയവർ ഇന്ന് ഷൂട്ടിങ് റേഞ്ചിൽ വെടിയുതിർക്കും. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ വനിതകളുടെ 10 മീറ്റർ എയർ റൈഫിളും മത്സരങ്ങളുമാണ് ഇന്ന് നടക്കുന്നത്.
വനിതകളുടെ യോഗ്യതാ റൗണ്ട് വൈകിട്ട് അഞ്ചിനും ഫൈനൽ മത്സരം രാത്രി എഴിനും അരങ്ങേറും. ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ താരങ്ങളായ അപൂർവി ചന്ദേലയും അയോണിക പോളും ഇന്ന് റേഞ്ചിലെത്തുക. കഴിഞ്ഞ വർഷം ദക്ഷിണ കൊറിയയിൽ നടന്ന രാജ്യാന്തര ഷൂട്ടിങ് സ്‌പോർട്‌സ് ഫെഡറേഷന്റെ ലോകകപ്പിലും മ്യൂണിക്കിൽ നടന്ന ലോകകപ്പിലും അപൂർവി വെങ്കലം നേടിയിരുന്നു. 2014-ലെ ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണവും നേടിയ ജയ്‌പൂർ സ്വദേശിനി അപൂർവി രാജ്യത്തിന്റെ തികഞ്ഞ പ്രതീക്ഷയാണ്.
2014ലെ കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ അയോണിക 10 മീറ്റർ എയർ റൈഫിളിൽ വെള്ളിയും അതേവർഷം മാരിബോറിൽ നടന്ന ലോകകപ്പിൽ വെങ്കലവും നേടിയ താരമാണ്.
വനിതകളേക്കാളും ഏറെയാണ് പുരുഷവിഭാഗത്തിലെ പ്രതീക്ഷ. പ്രത്യേകിച്ചും ജിത്തു റായി എന്ന പട്ടാളക്കാരനിൽ. 2014-ലെ കോമൺവെൽത്ത് ഗെയിംസിലും ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിലും രാജ്യാന്തര ഷൂട്ടിങ് സ്‌പോർട്‌സ് ഫെഡറേഷന്റെ ലോകകപ്പിലും സ്വർണ്ണം നേടിയ താരമാണ് 26കാരനായ ജിത്തു. ഇഞ്ചിയോണിലും ഗ്ലാസ്‌ഗോയിലും 50 മീറ്റർ റൈഫിളിലായിരുന്നു ജിത്തു സ്വർണ്ണം വെടിവെച്ചിട്ടത്.
ഇഞ്ചിയോണിൽ 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിൽ വെങ്കലവും നേടി. ഈ വർഷം മാർച്ചിൽ ബാങ്കോക്കിൽ നടന്ന ഐഎസ്എസ്എഫ് വേൾഡ് കപ്പ് 50 മീറ്റർ പിസ്റ്റളിൽ സ്വർണമെഡൽ. 50 മീറ്ററിൽ ലോക രണ്ടാം റാങ്കിലാണ് ജിത്തു റായി നിലവിൽ. കൂടാതെ ജൂണിൽ അസർബെയ്ജാനിൽ നടന്ന ലോകകപ്പിൽ 10 മീറ്റർ എയർ പിസ്റ്റളിൽ വെള്ളിയും നേടി. സമീപകാലത്തെ ഫോം വച്ചു നോക്കിയാൽ ഇന്ന് ജിത്തുറായി ഇന്ത്യക്കായി അക്കൗണ്ട് തുറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം സമ്മർദ്ദത്തിന് അടിമപ്പെടാതിരിക്കുകയും വേണം.
മറ്റൊരു ഇന്ത്യൻ താരമായ ഗുർപ്രീത് സിങും ഏറെ പ്രതീക്ഷയർപ്പിക്കുന്ന ഷൂട്ടറാണ്. 2010ലെ ദൽഹി കോമൺവെൽത്ത് ഗെയിംസിൽ രണ്ട് സ്വർണ്ണം നേടിയിട്ടുണ്ട് ഗുർപ്രീത്. 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റൾ ടീം ഇനത്തിൽ വിജയ്‌കുമാറിനൊപ്പവും 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിൽ ഓംകാർ സിങിനൊപ്പവുമായിരുന്നു സ്വർണ്ണം വെടിവെച്ചിട്ടത്. 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിൽ വെങ്കലവും ഗുർപ്രീത് നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: