റിയോ ഡി ജനീറോ: വമ്പൻ അട്ടിമറി വിജയത്തോടെ ഇന്ത്യൻ ബോക്സർ മനോജ്കുമാർ പ്രീ ക്വാർട്ടറിൽ. 64 കി.ഗ്രാം ലൈറ്റ് വെൽട്ടർവെയ്റ്റ് വിഭാഗം ആദ്യ റൗണ്ടിൽ ലണ്ടൻ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവ് ലിത്വാനിയയുടെ പെട്രൗസ്കാസ് എവൽഡാസിനെ ഇടിച്ചിട്ടാണ് മനോജ്കുമാർ അവസാന 16-ൽ ഒരാളായാത്.
ഉസ്ബെക്കിസ്ഥാൻ താരവുമായ ഫാസിലിദ്ദീൻ ഗയ്ബൻസറോവാണ് പ്രീ ക്വാർട്ടറിൽ മനോജിന്റെ എതിരാളി. ഞായറാഴ്ച രാത്രി 9.45നാണ് പ്രീ ക്വാർട്ടർ പോരാട്ടം.
അത്യന്തം വാശിയേറിയ പോരാട്ടത്തിനൊടവുിൽ 2-1നായിരുന്നു മനോജിന്റെ വിജയം. മൂന്ന് ജഡ്ജിമാരിൽ രണ്ടുപേരും മനോജിന് അനുകൂലമായി വിധിയെഴുതിയപ്പോൾ ഒരളുടെ വിധി ലിത്വാനിയൻ താരത്തിന് അനുകൂലമായി. (29-28, 29-28, 28-29). മൂന്ന് റൗണ്ടിലും ഇഞ്ചോടിഞ്ച് പോരാട്ടം നടന്നുവെങ്കിലും ആദ്യ രണ്ട് റൗണ്ടിലും ലിത്വാനിയൻ താരത്തിനെതിരെ ആധിപത്യമുറപ്പിച്ച് മനോജ് കുമാർ വിജയമുറപ്പിക്കുകയായിരുന്നു.
2010ലെ കോമൺവെൽത്ത് ഗെയിംസിലെയും ഇക്കഴിഞ്ഞ സാഫ് ഗെയിംസിലെയും സ്വർണ്ണമെഡൽ ജേതാവാണ് മനോജ്കുമാർ. 2007, 13 ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിൽ വെങ്കലവും മനോജ് നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ദോഹയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലും ബാങ്കോക്കിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഫാസിലിദ്ദീൻ ഗയ്ബൻസറോവ് വെള്ളി നേടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മിഡിൽവെയ്റ്റ് വിഭാഗത്തിൽ വികാസ് കൃഷ്ണനും പ്രീ ക്വാർട്ടറിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: