റിയോ ഡി ജനീറോ: ഒളിമ്പിക്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമാണ് ഇന്ത്യ അത്ലറ്റിക്സ് ടീം ഇത്തവണ റിയോയിലെത്തിയിട്ടുള്ളത്. റിലേ താരങ്ങളുൾപ്പെടെ 37 പേരാണ് ഇന്ത്യൻ അത്ലറ്റിക് സംഘത്തിലുള്ളത്. 19 പുരുഷന്മാരും 18 വനിതകളുമാണ് ടീമിൽ. ഇതിൽ ഒമ്പത് പേർ മലയാളികൾ. പുരുഷ-വനിതാ റിലേ ടീമിൽ ആറ് പേർ വീതമാണ് ഉള്ളത്.
മുഹമ്മദ് അനസ് (400 മീറ്റർ), ജിൻസൺ ജോൺസൺ (800 മീറ്റർ), രഞ്ജിത് മഹേശ്വരി (ട്രിപ്പിൾജമ്പ്), ടി. ഗോപി (മാരത്തൺ), കുഞ്ഞിമുഹമ്മദ് (4-400 മീറ്റർ റിലേ), ടിന്റു ലൂക്ക (800 മീറ്റർ), ഒ.പി. ജയ്ഷ (മാരത്തൺ), ജിസ്ന മാത്യു, അനിൽഡ തോമസ് (ഇരുവരും 4-400 മീറ്റർ റിലേ) എന്നിവരാണ് ഒളിമ്പിക്സ് സംഘത്തിലെ മലയാളിതാരങ്ങൾ.
അതേസമയം ഷോട്ട്പുട്ട് താരം ഇന്ദർജിത് സിങും 200 മീറ്ററിൽ യോഗ്യത നേടിയ ധരംബീർസിങും ഉത്തേജക ഉപയോഗത്തിന് പിടിക്കപ്പെടുകയും ചെയ്തു. ഇന്ദർജിത് സിങിന്റെ ബി സാമ്പിളും പോസിറ്റീവായതോടെ താരത്തിന്റെ ഒളിമ്പിക് സ്വപ്നങ്ങളും അസ്തമിച്ചു. ധരംബീറിന്റെ എ സാമ്പിളിൽ ഉത്തേജകം കണ്ടെത്തിയതിനെ തുടർന്ന് റിയോയിലേക്ക് പോയിട്ടില്ല. ബി സാമ്പിളും പോസിറ്റീവായാൽ ആജീവനാന്ത വിലക്കാണ് താരത്തെ കാത്തിരിക്കുന്നത്.
അങ്കിത് ശർമ (ലോങ്ജമ്പ്), വികാസ് ഗൗഡ (ഡിസ്കസ് ത്രോ), കേതാറാം, നിതേന്ദ്ര സിങ് റാവത്ത് (മാരത്തൺ), ഗുർമീത് സിങ്, കെ. ഗണപതി (20 കി.മീ. നടത്തം), മനീഷ് സിങ് റാവത്ത് (20, 50 കി.മീ. നടത്തം) സന്ദീപ് കുമാർ (50 കി.മീ നടത്തം), എന്നിവരാണ് പുരുഷ അംഗങ്ങൾ. മുഹമ്മദ് അനസിനും കുഞ്ഞുമുഹമ്മദിനും പുറമെ ആരോക്യ രാജീവ്, മോഹൻകുമാർ, അയ്യാസാമി ധരുൺ, ലളിത് മാഥൂർ എന്നിവരാണ് 4-400 മീറ്റർ പുരുഷ റിലേ ടീലുള്ളത്.
ദ്യൂതി ചന്ദ് (100 മീറ്റർ), ശ്രാബനി നന്ദ (200 മീറ്റർ), നിർമ്മല ഷെറോൺ (400 മീറ്റർ), സുധ സിങ്, ലളിത ബാബർ (3000 മീറ്റർ സ്റ്റീപ്പിൾ ചേസ്), മൻപ്രീത് കൗർ (ഷോട്ട്പുട്ട്), സീമ പൂനിയ (ഡിസ്കസ് ത്രോ), കവിത റാവത്ത് (മാരത്തൺ), ഖുശ്ബീർ കൗർ, സപ്ന പൂനിയ (20 കി.മീ നടത്തം) എന്നിവർ വനിതാ വിഭാഗത്തിൽ മത്സരിക്കാനിറങ്ങും. അശ്വിനി അകുഞ്ചി, ദേബശ്രീ മജുംദാർ, എം.ആർ. പൂവമ്മ, നിർമ്മല ഷെറോൺ എന്നിവർ വനിതാ റിലേ ടീമിലെ മറ്റ് അംഗങ്ങൾ. വികാസ് ഗൗഡ, സീന പൂനിയ, ടിന്റു ലൂക്ക എന്നിവരാണ് രാജ്യത്തിന്റെ പ്രധാന പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: