റിയോ ഡി ജനീറോ: ഇന്ത്യൻ ബാഡ്മിന്റണിൽ പുതിയ ചരിത്രം കുറിച്ച് പി.വി. സിന്ധു ഒളിമ്പിക്‌സ് സിംഗിൾസ് ഫൈനലിൽ. സൈന നെഹ്‌വാൾ ഉൾപ്പെടെയുള്ള മുൻനിര താരങ്ങൾക്കൊന്നും ഇതിന് മുമ്പ് കൈവരിക്കാൻ കഴിയാത്ത നേട്ടമാണ് സിന്ധു ഇന്നലെ കൈവരിച്ചത്.
നോക്കൗട്ട് റൗണ്ട് മുതൽ റാങ്കിങ്ങിൽ തന്നേക്കാൾ മുകളിലുള്ളവരാണ് സിന്ധുവിന്റെ കരുത്തിന് മുന്നിൽ കീഴടങ്ങിയത്. തന്റെ ആദ്യ ഒളിമ്പിക്‌സിൽ തന്നെ ഫൈനലിലെത്തിയാണ് സിന്ധു ഇന്ത്യൻ കായികചരിത്രത്തിൽ പുതിയ അദ്ധ്യായം രചിച്ചത്. ഫൈനലിലെത്തിയതോടെ വെള്ളി ഉറപ്പാണെങ്കിലും മറ്റൊരു വമ്പൻ അട്ടിമറിയിലൂടെ സ്വർണ്ണമാണ് സിന്ധു ലക്ഷ്യമിടുന്നത്. ഫൈനലിൽ കരോലിന മാരിനാണ് എതിരാളി. ഇന്ന് രാത്രി 7.30നാണ് രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫൈനൽ പോരാട്ടം.
സെമിയിൽ ലോക മൂന്നാം നമ്പർ താരം ജപ്പാന്റെ നൊേസാമി ഒകുഹാരെയെ ഏറെക്കുറെ അനായാസമായാണ് സിന്ധു കീഴടക്കിയത്. ആദ്യ ഗെയിമിന്റെ തുടക്കത്തിൽ 3-1ന്റെ ലീഡ് നേടിയ സിന്ധു പിന്നീട് 8-4, 11-6 എന്ന നിലയിൽ മുന്നിട്ടുനിന്നു. ഇടയ്‌ക്ക് ജപ്പാൻ താരം തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ഉജ്ജ്വല ഫോമിലുള്ള സിന്ധുവിനെ പ്രതിരോധത്തിലാക്കാൻ കഴിഞ്ഞില്ല. ഇടയ്‌ക്ക് 18-17 എന്ന നിലയിൽ എത്തിയെങ്കിലും രണ്ട് പോയിന്റ് കൂടി മാത്രം വിട്ടുകൊടുത്തുകൊണ്ട് ആദ്യ ഗെയിം സിന്ധു 21-19ന് സ്വന്തമാക്കി.
രണ്ടാം സെറ്റിലും സിന്ധുവിനായിരുന്നു മുൻതൂക്കൺം. 3-0ന് തുടക്കത്തിൽ സിന്ധു മുന്നിലെത്തിയെങ്കിലും തുടർച്ചയായി മൂന്ന് പോയിന്റുകൾ നേടി നൊേസാമി ഒകുഹാരെ ഒപ്പമെത്തി. പിന്നീട് ജപ്പാൻ താരത്തിനായിരുന്നു മുൻതൂക്കം. 3-5ന് ജപ്പാൻ താരം മുന്നിലെത്തിയെങ്കിലും സിന്ധു 5-5ന് ഒപ്പമെത്തി. പിന്നീട് 6-7നും ഒകുഹാരെ മുന്നിലെത്തി. 8-8ന് ഒപ്പമെത്തിയ സിന്ധു പിന്നീട് തിരിഞ്ഞുനോക്കിയില്ല. മികച്ച സ്മാഷുകളും നെറ്റ് പ്ലേകളുമായി കളം നിറഞ്ഞ സിന്ധു 21-10ന് അനായാസം ഗെയിം സ്വന്തമാക്കി.
ക്വാർട്ടർ ഫൈനലിൽ ലോക രണ്ടാം നമ്പർ ചൈനയുടെ വാങ് യിഹാനെ അട്ടിമറിച്ചായിരുന്നു സിന്ധു സെമിയിലെത്തിയത്. നേരത്തെ പ്രീ ക്വാർട്ടറിൽ ചൈനീസ് തായ്‌പേയ് താരവും ലോക റാങ്കിങ്ങിൽ എട്ടാം സ്ഥാനത്തുമുള്ള തായ് സു യിങ്ങിനെയും സിന്ധു നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. പ്രശസ്ത ബാഡ്മിന്റൺ താരമായിരുന്ന പുല്ലേല ഗോപിചന്ദ് ആണ് സിന്ധുവിന്റെ പരിശീലകൻ.
മറ്റൊരു സെമിയിൽ സ്പാനിഷ് താരവും ലോക ഒന്നാം നമ്പറുമായ കരോലി മാരിൻ നിലവിലെ സ്വർണ്ണ ജേതാവ് ചൈനയുടെ ലി സ്യുറെയെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്താണ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. മാരിനും ചരിത്രത്തിലാദ്യമായാണ് ഫൈനലിലേക്ക് എത്തിയിട്ടുള്ളത്.
















