ന്യൂദൽഹി: റിയോ ഒളിമ്പിക്സിൽ രാജ്യത്തിനായി ആദ്യ മെഡൽ നേടിയ സാക്ഷി മാലിക്കിന് അഭിനന്ദന പ്രവാഹവത്തിന്റെ കുത്തൊഴുക്ക്.
അമ്പത്തെട്ട് കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിലാണ് ഇന്ത്യയുടെ സാക്ഷി മാലിക് വെങ്കലമെഡൽ നേടിയത്. ഏറെ മെഡൽ പ്രതീക്ഷയുമായി റിയോയിലേയ്ക്ക് പോയ പല പ്രമുഖരും തോറ്റമ്പിയ വേദിയിൽ സാക്ഷിയുടെ വെങ്കലത്തിന് പത്തരമാറ്റ് തങ്കത്തിളക്കം.
സാക്ഷി മാലിക് രാജ്യത്തിന്റെ അഭിമാനമായി മാറിയെന്ന് രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി ട്വീറ്റ് ചെയ്തു.
സാക്ഷി ചരിത്രം സൃഷ്ടിച്ചുവെന്നും രാജ്യം മുഴുവൻ സാക്ഷിയുടെ വിജയം ആഘോഷിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. രക്ഷാബന്ധൻ ദിനത്തിൽ ഭാരതത്തിന്റെ പുത്രി വെങ്കലമെഡൽ നേടി നമുക്കെല്ലാം അഭിമാനമായിരിക്കുന്നു അദ്ദേഹം കൂട്ടിച്ചേർത്തു. സാക്ഷി മാലിക് വരും വർഷങ്ങളിൽ പല കായികതാരങ്ങൾക്കും പ്രചോദനമാകുമെന്നും പ്രധാനമന്ത്രി മറ്റൊരു ട്വീറ്റിൽ പറഞ്ഞു.
സാക്ഷിയുടെ നേട്ടത്തിൽ രാജ്യം അഭിമാനിക്കുന്നുവെന്ന് സുഷമാ സ്വരാജ്. കായിക മന്ത്രി വിജയ് ഗോയലും ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും മെഡൽ ജേത്രിയെ അഭിനന്ദിച്ചു.
ഇവർക്ക് പുറമെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ, ഏകദിന ക്രിക്കറ്റ് ക്യാപ്റ്റൻ എം.എസ്. ധോണി, ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് അനിൽ കുംബ്ലെ, വിരേന്ദർ സെവാഗ്, ആർ. അശ്വിൻ, ബോക്സിങ് താരം വിജേന്ദർ സിങ്, ഷൂട്ടിങ് താരം അഭിനവ് ബിന്ദ്ര, ബാഡ്മിന്റൺ താരം ജ്വാല ഗുട്ട, അമിതാബ് ബച്ചൻ തുടങ്ങിയവർ സാക്ഷിക്ക് അഭിനന്ദനം അറിയിച്ചു. കൂട്ടത്തിൽ സെവാഗിന്റെ ട്വിറ്റർ സന്ദേശമാണ് ഏറെ ശ്രദ്ധേയം.
‘രാജ്യം മുഴുവൻ ഉറ്റുനോക്കിയിരുന്ന ഒളിമ്പിക് മെഡൽ കൊണ്ടുവരാൻ ഒരു പെൺകുട്ടി വേണ്ടി വന്നു‘ എന്നാണ് വീരു ട്വിറ്ററിൽ കുറിച്ചത്. പെൺകുട്ടികൾക്ക് ഏറെ അപമാനവും ദുഃഖവും സഹിക്കേണ്ടി വരുന്ന ഹരിയാനയിൽ നിന്നാണ് സാക്ഷി വരുന്നതെന്നതും എടുത്ത് പറയേണ്ടതുണ്ടെന്ന് വീരു ട്വീറ്റിൽ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് പെൺകുഞ്ഞുങ്ങളെ ഭ്രൂണത്തിൽ വച്ച് തന്നെ നശിപ്പിക്കാനൊരുങ്ങുന്ന മാതാപിതാക്കൾക്ക് ഒരു പാഠമാണ് ഈ പെൺവിജയം. നമ്മുടെ അഭിമാനം സംരക്ഷിക്കാൻ പെൺകുഞ്ഞുങ്ങൾ തന്നെ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ ഒളിമ്പിക്സ് മെഡൽ ജേതാവും കേന്ദ്രമന്ത്രിയുമായ രാജ്യവർദ്ധൻ സിങ് റാത്തോഡ്, കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു, ദൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, ബിസിസിഐ അധ്യക്ഷൻ അനുരാഗ് താക്കൂർ, കായികതാരങ്ങളായ ലിയാണ്ടർ പേസ്, ശിവ ഥാപ്പ, യോഗേശ്വർ ദത്ത്, സുശീൽകുമാർ, ഹീന സിദ്ദു തുടങ്ങിയവരും സാക്ഷിക്ക് അഭിനന്ദനങ്ങൾ നേർന്നു.
‘നമ്മുടെ കുടുംബത്തിലേക്ക് വന്ന മെഡൽ എന്നാണ്’ റെയിൽമന്ത്രി സുരേഷ് പ്രഭു ട്വീറ്റ് ചെയ്തത്. സാക്ഷി റെയിൽവേ ഉദ്യോഗസ്ഥ കൂടിയാണ്. ഇത് അഭിമാന നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു. ‘ഓരോ ഭാരതീയന്റെയും അഭിമാനമുയർത്തിയ സാക്ഷിക്ക് അഭിനന്ദനങ്ങൾ‘ എന്നാണ് മുൻ ഒളിമ്പിക് മെഡൽ ജേതാവായ അഭിനവ് ബിന്ദ്ര ട്വിറ്ററിൽ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: