ചണ്ഡീഗഡ്: ഒളിമ്പിക്‌സിൽ ഗുസ്തിയിൽ വെങ്കലം നേടി ഭാരതത്തെ നാണക്കേടിൽ നിന്ന് രക്ഷിച്ച സാക്ഷി മാലിക്കിന് ഹരിയാന സർക്കാർ രണ്ടരക്കോടി രൂപയും ജോലിയും സമ്മാനിക്കാൻ തീരുമാനിച്ചു. രണ്ടു കോടി നൽകുമെന്നായിരുന്നു മുൻപ് പ്രഖ്യാപിച്ചത്. റോത്തക്കിൽ നിന്നുള്ള 23 കാരി കിർഗിസ്ഥാനിന്റെ ഐസുലു ടിനിബെക്കോവയെ പരാജയപ്പെടുത്തിയാണ് സാക്ഷി വെങ്കലം നേടിയത്.
ഹരിയാന സർക്കാരിന് പുറമെ റെയിൽവേ 60 ലക്ഷം രൂപയും ജോലിയിൽ പ്രമോഷനും നൽകും. നിലവിൽ ക്ലാർക്കായി ജോലി ചെയ്യുന്ന സാക്ഷിക്ക് ഗസറ്റഡ് പദവി നൽകുമെന്നാണ് റെയിൽവേ വ്യക്തമാക്കിയത്. കേന്ദ്ര യുവജന-കായിക മന്ത്രാലയവും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും 20 ലക്ഷം രൂപ വീതവും സാക്ഷിക്ക് നൽകും.
ഉത്തർപ്രദേശ് സർക്കാർ റാണി ലക്ഷ്മിഭായ് അവാർഡും രാജ്യത്തിന്റെ അഭിമാന താരത്തിന് സമ്മാനിക്കും. 3.11 ലക്ഷം രൂപയും റാണി ലക്ഷ്മിഭായിയുടെ ശില്പവും അടങ്ങുന്ന പുരസ്‌കാരം സാക്ഷിക്ക് നൽകുമെന്ന് യുപി മുഖ്യമന്ത്രി അഖിലേഷ് യാദവാണ് പ്രഖ്യാപിച്ചത്. പ്രമുഖ വ്യവസായ ഗ്രൂപ്പായ ജിൻഡാൽ 15 ലക്ഷം രൂപയും ചലച്ചിത്ര താരം സൽമാൻ ഖാൻ ഒരുലക്ഷം രൂപയും സാക്ഷിക്ക് സമ്മാനിക്കും.
















