റിയോ ഡി ജനീറോ: ലോകത്തിലെ ഏറ്റവും വേഗതയേറിയ താരം ജമൈക്കയുടെ ഉസൈൻ ബോൾട്ട് 200 മീറ്റർ ഫൈനലിൽ. അതേസമയം ബോൾട്ടിന് കനത്ത വെല്ലുവിളി ഉയർത്തുമെന്ന് കരുതിയ അമേരിക്കയുടെ ജസ്റ്റിൻ ഗാറ്റ്‌ലിൻ, ജമൈക്കയുടെ യോഹാൻ ബ്ലേക്ക് എന്നിവർ ഫൈനലിലെത്താതെ പുറത്തായി. ഇന്ന് രാവിലെ 7നാണ് ഫൈനൽ.
ഇന്നലെ നടന്ന സെമിഫൈനലിൽ സീസണിലെ മികച്ച സമയം കുറിച്ചാണ് ബോൾട്ട് ഫൈനലിലേക്ക് യോഗ്യത നേടിയത്. സെമിയുടെ രണ്ടാം ഹീറ്റ്‌സിൽ നാലാം ലൈനിലോടിയ ബോൾട്ട് 19.78 സെക്കൻഡിലാണ് ഫിനിഷ് ലൈൻ കടന്നത്. 100 മീറ്റർ വെങ്കലം നേടിയ കാനഡയുടെ ഡി ഗ്രസെയുടെ (19.80 സെ.) ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് രണ്ടാം സെമിയിൽ ബോൾട്ട് ഫിനിഷ് ചെയ്തത്. ബോൾട്ടിനും ഡി ഗ്രസെയ്‌ക്കും പുറമേ ബ്രിട്ടന്റെ ആദം ഗെമില്ലിയും തുർക്കിയുടെ റാമിൽ ഗുലിയേവും ഫൈനലിൽ ഇടംനേടി. മൂന്നു സെമിഫൈനലുകളിലുമായി എട്ടു പേരാണ് ഫൈനൽ പോരാട്ടത്തിനുള്ള യോഗ്യത ഉറപ്പിച്ചത്.
മൂന്നാം സെമിയിൽ മത്സരിച്ച ഗാട്ട്‌ലിൻ 20.13 സെക്കൻഡിൽ മൂന്നാമതായാണ് ഫിനിഷ് ചെയ്തത്. ഇതേ ഹീറ്റ്‌സിലിറങ്ങിയ യോഹാൻ ബ്ലേക്കിന് 20.37 സെക്കൻഡ് ആറാം സ്ഥാനത്തും ഫിനിഷ് ചെയ്യാനെ സാധിച്ചുള്ളു. പനാമയുടെ അലോൻസോ എഡ്വേർഡ് 20.07 സെക്കൻഡിൽ ഒന്നാമതായും നെതർലൻഡിന്റെ ചൗരൻഡി മാർട്ടിന 20.10 സെക്കൻഡിൽ രണ്ടാമതെത്തിയും ഫൈനലിലേക്ക് യോഗ്യത നേടി.
ഒന്നാം ഹീറ്റ്‌സിൽ ഒന്നാമനായി ഫിനിഷ് ചെയ്ത ലോഷോൺ മെറിറ്റ് മാത്രമാണ് ഫൈനലിലേക്ക് യോഗ്യത നേടിയ ഏക അമേരിക്കൻ താരം. ഫ്രാൻസിന്റെ ലെമൈട്രും ഈ ഹീറ്റ്‌സിൽ നിന്ന് ഫൈനലിലെത്തിയിട്ടുണ്ട്. മറ്റൊരു ജമൈക്കൻ താരമായ നിക്കൽ ആഷ്‌മേഡിനും ഫൈനലിൽ ഇടംപിടിക്കാൻ കഴിഞ്ഞില്ല. ഒന്നാം ഹീറ്റ്‌സിൽ 20.31 സെക്കൻഡിൽ നാലാമതായാണ് ആഷ്‌മേഡ് ഫിനിഷ് ചെയ്തത്.
















