അഡ്‌ലെയ്ഡ്: ‘ഫൈനലിനു മുന്‍പൊരു ഫൈനല്‍’ ഇതൊരു സ്ഥിരം വിശേഷണം. എന്നിരുന്നാലും ഈ കളിയെപ്പറ്റി പറയുമ്പോള്‍ അതൊഴിവാക്കാനാവില്ല. കാരണം അഡ്‌ലെയ്ഡിലെ പിച്ചില്‍ മല്ലിടാന്‍ ഇറങ്ങുന്നത് ഇന്ത്യയും പാക്കിസ്ഥാനുമാണ്. ഫുട്‌ബോളിലെ ബ്രസീല്‍-അര്‍ജന്റീന മുഖാമുഖം പോലെ, ടെന്നീസിലെ റോജര്‍ ഫെഡറര്‍- റാഫേല്‍ നദാല്‍ ദ്വന്ദയുദ്ധം പോലെ ആരും കാണാന്‍ കൊതിക്കുന്ന തീപാറുന്ന പോരാട്ടം. ഇക്കുറി ഏഷ്യയിലെ ചിരവൈരികള്‍ തമ്മിലെ ബലപരീക്ഷണം അല്‍പ്പം നേരത്തെ വന്നന്നേയുള്ളു.
ചരിത്ര പുസ്തകം താളുകള്‍ തുറന്നുവച്ച് പാക്കിസ്ഥാനെ കാത്തിരിക്കുകയാണ്. ലോകകപ്പില്‍ ഒരിക്കല്‍പ്പോലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ അവര്‍ക്കായിട്ടില്ല. മിസ്ബയ്‌ക്കും കൂട്ടര്‍ക്കും അതിനു സാധിച്ചാല്‍ അതു പുതു വിപ്ലവമാകും. എന്നാല്‍ വലിയ വേദികളില്‍ എന്നും പാക് പടയെ തുരത്തിയിട്ടുള്ള ടീം ഇന്ത്യ അഡ്‌ലെയ്ഡിലും അതു തുടരാനുള്ള ഒരുക്കത്തില്‍ തന്നെ.
രണ്ടു സംഘങ്ങളുടെയും കാര്യം അത്ര പന്തിയല്ല. പ്രത്യേകിച്ച് ഇന്ത്യയുടെ. നിലവിലെ ചാമ്പ്യന്‍മാരുടെ ബാറ്റിംഗ് നിര പെരമയ്‌ക്കൊത്ത് ഇതുവരെ ഉയര്‍ന്നിട്ടില്ല. ആകെ ആശ്വാസം രോഹിത് ശര്‍മ്മയാണ്. സുരേഷ് റെയ്‌നയും അജിന്‍ക്യ രഹാനെയും ഫോമിന്റെ ലക്ഷണം കാട്ടിയിട്ടുണ്ട്. ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഏറെ മാറണം. ഏവരുടെയും കണ്ണ് പുതു സൂപ്പര്‍ താരം വിരാട് കോഹ്‌ലിയിലാവുമെന്നതില്‍ സംശയമില്ല. മാന്‍ ഒഫ് ദ മാച്ചാകാന്‍ സാധ്യതയുള്ള താരങ്ങളുടെ നിരയില്‍ ഒന്നാമനാണ് കോഹ്‌ലി.
പേസ് ബൗളിംഗില്‍ ഇഷാന്ത് ശര്‍മ്മയുടെ അഭാവം നിഴലിക്കും. ഭുവനേശ്വര്‍ കുമാറിനെയും പരിക്ക് അലട്ടുന്നുണ്ട്. മുഹമ്മദ് ഷാമിയും ഉമേഷ് യാദവും മാത്രമേ കായികക്ഷമത ഉറപ്പുതരുന്നുള്ളു. സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ നയിക്കുക ആര്‍. അശ്വിന്‍ തന്നെയാവും.
യുവത്വവും പരിചയസമ്പത്തും കൂടിക്കലര്‍ന്നതാണ് പാക് ബാറ്റിംഗ്. യൂനിസ് ഖാന്‍ അതിലെ ആണിക്കല്ലും. മിസ്ബ നയിക്കുന്ന ലൈനപ്പില്‍ അഹമ്മദ് ഷെഹ്‌സാദ്, നസീര്‍ ജംഷദ്, ഉമര്‍ അക്മല്‍ എന്നിവര്‍ ഇതിനകം പ്രതിഭ തെളിയിച്ചുകഴിഞ്ഞു. എങ്കിലും ഇന്ത്യ ഏറെ സൂക്ഷിക്കേണ്ടത് ഷാഹിദ് അഫ്രീദിയുടെ വെടിക്കെട്ടിനെയും മുഹമ്മദ് ഇര്‍ഫാന്‍ എന്ന ഏഴടിക്കാരന്റെ കുത്തിയുയരുന്ന പന്തുകളെയുമാണ്.
















