ലണ്ടന്‍: നിലവിലെ ചാമ്പ്യന്മാരായ ആഴ്സണല്‍ എഫ്എ കപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇന്നലെ നടന്ന കളിയില്‍ മിഡില്‍സ്ബറോയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ആഴ്സണല്‍ ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. രണ്ട് മിനിറ്റിനിടെ നേടിയ രണ്ട് ഗോളുകളാണ് ആഴ്സണലിന് വിജയം സമ്മാനിച്ചത്. 27, 29 മിനിറ്റുകളില്‍ രണ്ട് ഗോളുകളും നേടിയത് ഒളിവര്‍ ഗിറൗഡും.
തുടര്‍ന്നും നിരവധി അവസരങ്ങള്‍ ആഴ്സണല്‍ താരങ്ങള്‍ മെനഞ്ഞെടുത്തെങ്കിലും പിന്നീട് ലീഡ് ഉയര്‍ത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടു. കളിയിലുടനീളമായി 10 ഷോട്ടുകളാണ് ആഴ്സണല്‍ താരങ്ങള്‍ മിഡില്‍സ്ബറോ പോസ്റ്റിലേക്ക് പായിച്ചത്. എന്നാല്‍ അവയെല്ലാം ഗോളിയുടെ മികവിന് മുന്നില്‍ പരാജയപ്പെടുകയായിരുന്നു. അതേസമയം മിഡില്‍സ്ബറോ താരങ്ങള്‍ക്ക് ഒരിക്കല്‍ മാത്രമാണ് ആഴ്സണല്‍ ഗോളിയെ പരീക്ഷിക്കാന്‍ കഴിഞ്ഞത്.
മറ്റ് മത്സരങ്ങളില്‍ സണ്ടര്‍ലാന്റിനെ 2-0ന് പരാജയപ്പെടുത്തി ബ്രാഡ്ഫോര്‍ഡും ലീസസ്റ്ററിനെ 2-1ന് പരാജയപ്പെടുത്തി ആസ്റ്റണ്‍ വില്ലയും ക്വാര്‍ട്ടറിലെത്തി. സണ്ടര്ലാന്റിനെതിരായ കളിയുടെ മൂന്നാം മിനിറ്റില്‍ ജോണ്‍ ഷിയയുടെ സെല്‍ഫ് ഗോളിലൂടെയാണ് ബ്രാഡ്ഫോര്‍ഡ് ലീഡ് നേടിയത്. പിന്നീട് 61-ാം മിനിറ്റില്‍ ജോ സ്റ്റഡും ലക്ഷ്യം കണ്ടതോടെ ബ്രാഡ്ഫോര്‍ഡ് വിജയം ഉറപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: