കാന്‍ബറ: ലോകകപ്പില്‍ പൂള് ബിയില്‍ നിന്ന് ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ദക്ഷിണാഫ്രിക്ക ഇന്ന് നാലാം അങ്കത്തിനിറങ്ങുന്നു. കളിച്ച രണ്ട് കളികളും വിജയിച്ച അയര്‍ലന്റാണ് ഇന്ന് ദക്ഷിണാഫ്രിക്കന്‍ കരുത്തിനെ വെല്ലുവിളിക്കാനിറങ്ങുന്നത്. ആദ്യ കളിയില്‍ കരുത്തരായ വിന്‍ഡീസിനെയും രണ്ടാം കളിയില്‍ യുഎഇയെയുമാണ് അയര്‍ലന്റ് കീഴടക്കിയത്. കളിച്ച മൂന്ന് മത്സരങ്ങളില്‍ ഇന്ത്യക്കെതിരെ പരാജയപ്പെട്ടെങ്കിലും ആദ്യ മത്സരത്തില്‍ സിംബാബ്വെയെയും കഴിഞ്ഞ ദിവസം വിന്‍ഡീസിനെയും തകര്‍ത്തെറിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഡിവില്ലിയേഴ്സും സംഘവും. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് ആറ് പോയിന്റുമായി ക്വാര്‍ട്ടര്‍ ഉറപ്പിച്ച ഇന്ത്യക്ക് പിന്നിലാണ് നാല് പോയിന്റുള്ള ദക്ഷിണാഫ്രിക്ക. അയര്‍ലന്റിനും നാല് പോയിന്റുണ്ടെങ്കിലും റണ്‍ ശരാശരിയില്‍ അവര്‍ മൂന്നാം സ്ഥാനത്താണ്.
സ്റ്റെയിനും അബോട്ടും മോര്‍ക്കലുമടങ്ങിയ പേസ് ബൗളിംഗ് നിരയാണ് ദക്ഷിണാഫ്രിക്കയുടെ കരുത്ത്. സ്റ്റെയിനിന്റെയും മോര്‍ക്കലിന്റെയും അതിവേഗ പന്തുകളെ അയര്‍ലന്റ് താരങ്ങള്‍ എങ്ങിനെ നേരിടുമെന്നാണ് ഇന്ന് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അതിശക്തമായ ബാറ്റിംഗ് നിരയും ദക്ഷിണാഫ്രിക്കക്കുണ്ട്. കഴിഞ്ഞ ദിവസം വിന്‍ഡീസിനെതിരെ അതിവേഗ സെഞ്ചുറിയ നേടിയ ക്യാപ്റ്റന്‍ എ.ബി. ഡിവില്ലിയേഴ്സ് തന്നെയാണ് ദക്ഷിണാഫ്രിക്കയുടെ കുന്തമുന. എങ്കിലും ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കും ഹാഷിം ആംലയും ഡുപ്ലെസിസും ഇതുവരെ മികച്ച ഫോമിലേക്കുയര്‍ന്നിട്ടില്ല എന്നതാണ് അവരെ അലട്ടുന്നത്. എന്നാല്‍ വിന്‍ഡീസിനെതിരെ അര്‍ദ്ധസെഞ്ചുറി നേടി ആംലയും ഡുപ്ലെസിസും ഫോം വീണ്ടെടുക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ഒപ്പം മില്‍നറും ഡുമ്നിയും മികച്ച ഫോമിലേക്കുയര്‍ന്നാല്‍ ദക്ഷിണാഫ്രിക്കക്ക് കാര്യങ്ങള്‍ എളുപ്പമാകും.
നീല്‍ ഒബ്രിയാനും സ്റ്റിര്‍ലിംഗും എഡ് ജോയ്സും ഗ്യാരി വില്‍സണും കെവിന് ഒബ്രിയാനും ഉള്‍പ്പെടുന്ന ബാറ്റിംഗ്നിരയാണ് അയര്‍ലന്റിന്റെ കരുത്ത്. തങ്ങളുടേതായ ദിവസത്തില്‍ ഏത് കരുത്തരെയും മുട്ടുകുത്തിക്കാന്‍ കഴിവുള്ളവരാണ് അയര്‍ലന്റുകാര്‍. ഭേദപ്പെട്ട ബൗളിംഗ് നിരയും അവര്‍ക്കുണ്ട്. ഡോക്ക്റെല്ലും മാക്സ് സോറന്‍സെനും ജോണ്‍ മൂണിയും കഴിഞ്ഞ കളികളില്‍ തരക്കേടില്ലാത്ത രീതിയില്‍ പന്തെറിഞ്ഞിരുന്നു. എങ്കിലും ഇന്നത്തെ പോരാട്ടത്തില്‍ ജയം ലക്ഷ്യമിട്ട് ദക്ഷിണാഫ്രിക്ക ഇറങ്ങുമ്പോള്‍ വെസ്റ്റിന്‍ഡീസിനെ അട്ടിമറിച്ചതുപോലെ മറ്റൊരു വമ്പന്‍ അട്ടിമറിക്കാണ് അയര്‍ലന്റ് ലക്ഷ്യം വെക്കുന്നത്. അതുകൊണ്ടുതന്നെ പോരാട്ടത്തിന് വീറും വാശിയും ഉയരുമെന്ന് ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: