പെര്‍ത്ത്: അജയ്യരായി ടീം ഇന്ത്യ ലോകകപ്പിന്റെ ക്വാര്‍ട്ടറിലെത്തി. ഇന്നലെ പൂള് ബിയില്‍ നടന്ന കളിയില്‍ വിന്‍ഡീസിനെ നാല് വിക്കറ്റുകള്‍ക്ക് തകര്‍ത്താണ് ധോണിപ്പട തുടര്‍ച്ചയായ നാലാം വിജയവും ക്വാര്‍ട്ടര്‍ ബര്‍ത്തും സ്വന്തമാക്കിയത്. വിന്‍ഡീസിന്റെ തുടര്‍ച്ചയായ രണ്ടാം പരാജയമാണ്. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയോടും വിന്‍ഡീസ് ദയനീയമായി പരാജയപ്പെട്ടിരുന്നു.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ 44.2 ഓവറില്‍ 182 റണ്‍സിന് ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ടു. ഒരുഘട്ടത്തില്‍ 85 ന് ഏഴ് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ വിന്‍ഡീസിനെ അര്‍ദ്ധസെഞ്ചുറി നേടിയ ഹോള്‍ഡറുടെ (57)യും ഡാരന്‍ സമിയുടെയും (26), ടെയ്ലറുടെ (11)യും ബാറ്റിംഗാണ് 182-ല്‍ എത്തിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യയും ഒരുഘട്ടത്തില്‍ 78ന് നാല് എന്ന നിലയില്‍ തകര്‍ന്നെങ്കിലും ക്യാപ്റ്റന്റെ ഇന്നിംഗ്സ് കാഴ്ചവെച്ച ധോണിയും (45 നോട്ടൗട്ട്), അശ്വിനും (പുറത്താകാതെ 16) ചേര്‍ന്നാണ് 65 പന്തുകള്‍ ബാക്കിനില്‍ക്കേ 185 റണ്‍സെടുത്ത വിജയം സമ്മാനിച്ചത്. 33 റണ്‍സെടുത്ത വിരാട് കോഹ്ലിയും ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. 35 റണ്‍സ് വഴങ്ങി മൂന്ന് വിന്‍ഡീസ് വിക്കറ്റുകള്‍ പിഴുത മുഹമ്മദ് ഷാമിയാണ് മാന്‍ ഓഫ് ദി മാച്ച്. വിന്‍ഡീസിന് ക്വാര്‍ട്ടറില്‍ പ്രവേശിക്കണമെങ്കില്‍ ഇനി അവസാന മത്സരം വരെ കാത്തിരിക്കണം. 15ന് യുഎഇയുമായാണ് വിന്‍ഡീസിന്റെ ഗ്രൂപ്പിലെ അവസാന മത്സരം.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിന്‍ഡീസിന് തുടക്കത്തിലേ തിരിച്ചടി നല്കാന് ഇന്ത്യന്‍ പേസ് ബൗളര്‍മാര്‍ക്കായി. ഒരുഘട്ടത്തില്‍ 85 റണ്‍സെടുക്കുന്നതിനിടെ ഏഴ് വിക്കറ്റുകള്‍ നഷ്ടപ്പെട്ട വിന്‍ഡീസിനെ 182-ല്‍ എത്തിച്ചത് ഹോള്‍ഡറുടെയും ടെയ്ലറുടെയും സമിയുടെയും ബാറ്റിംഗാണ്. മുഹമ്മദ് ഷാമിയും ഉമഷ് യാദവും മികച്ച ലൈനും ലെംഗ്തും കാത്തുസൂക്ഷിച്ച് പന്തെറിഞ്ഞതോടെ സ്കോര്‍ കണ്ടെത്താന്‍ വിഷമിച്ച വിന്‍ഡീസിന് 8 റണ്‍സുള്ളപ്പോഴാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. ആറ് റണ്‍സെടുത്ത സ്മിത്തിനെ ഷാമി ധോണിയുടെ കൈകളിലെത്തിച്ചു.
സ്കോര്‍ 15-ല്‍ നില്‍ക്കേ രണ്ടാം വിക്കറ്റും വീണു. രണ്ട് റണ്‍സെടുത്ത മര്‍ലോണ്‍ സാമുവല്‍സിനെ റണ്ണൗട്ടാക്കിയാണ് ഇന്ത്യ കളിയില്‍ പിടിമുറുക്കിയത്. സ്കോര്‍ 35-ല്‍ എത്തിയപ്പോള്‍ സൂപ്പര്‍താരം ക്രിസ് ഗെയിലും (27 പന്തില്‍ 21) ഷാമിയുടെ പന്തില്‍ മോഹിത് ശര്‍മ്മക്ക് പിടികൊടുത്ത് മടങ്ങി. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ തന്നെ രാംദിനെ ഉമേഷ് യാദവ് ബൗള്‍ഡാക്കിയതോടെ വിന്‍ഡീസ് പൂര്‍ണ്ണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞു. സ്കോര്‍ 4ന് 35.
പിന്നീട് സിമ്മണ്‍സും കാര്‍ട്ടറും ചേര്‍ന്ന് ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും സ്കോര്‍ 67-ല്‍ എത്തിയപ്പോള്‍ ഒമ്പത് റണ്‍സെടുത്ത സിമ്മണ്‍സിനെ മോഹിത് ശര്‍മ്മ ഉമേഷ് യാദവിന്റെ കൈകളിലെത്തിച്ചു. പിന്നീട് സ്കോര്‍ബോര്‍ഡില്‍ നാല് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതുവരെ മാത്രമാണ് കാര്‍ട്ടറിന് ആയുസ്സുണ്ടായത്. 43 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത കാര്‍ട്ടറെ അശ്വിന് ഷാമിയുടെ കൈകളിലെത്തിച്ചു. തുടര്‍ന്നെത്തിയ ആന്ദ്രെ റസ്സലിനും കൂടുതലൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
സ്കോര്‍ബോര്‍ഡില്‍ 85 റണ്‍സായപ്പോള്‍ എട്ട് റണ്‍സെടുത്ത റസ്സലിനെ രവീന്ദ്ര ജഡേജയുടെ ബൗളിങില്‍ വിരാട് കോഹ്ലി പിടികൂടി. പിന്നീട് ഡാരന്‍ സമിയും ഹോള്‍ഡറും ചേര്‍ന്നാണ് വിന്‍ഡീസ് സ്കോര്‍ 100 കടത്തിവിട്ടത്. എന്നാല്‍ സ്കോര്‍ബോര്‍ഡില്‍ 124 റണ്‍സായപ്പോള്‍ എട്ടാം വിക്കറ്റായി സമിയും വീണു. 55 പന്തുകളില്‍ നിന്ന് 26 റണ്‍സെടുത്ത സമിയെ മുഹമ്മദ് ഷാമി ധോണിയുടെ കൈകളിലെത്തിച്ചു. എന്നാല്‍ ഒമ്പതാം വിക്കറ്റില്‍ ജെറോം ടെയ്ലറെ കൂട്ടുപിടിച്ച് ഹോള്‍ഡര്‍ 51 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെയാണ് വിന്‍ഡീസ് സ്കോര്‍ അല്പം മാന്യമായ നിലയിലെത്തിയത്.
സ്കോര്‍ബോര്‍ഡില്‍ 175 റണ്‍സ് ആയപ്പോള്‍ ഉമേഷ് യാദവിന്റെ ഷോട്ട് പിച്ച് പന്തില്‍ റിട്ടേണ്‍ ക്യാച്ചിലൂടെ മടങ്ങി അധികം വൈകാതെ ഹോള്‍ഡര്‍ ജഡേജയ്ക്ക് കീഴടങ്ങി. 44.2 ഓവറില്‍ സ്കോര്‍ 182-ല്‍ നില്‍ക്കേ വിന്‍ഡീസ് ഇന്നിംഗ്സിലെ ടോപ്സ്കോറര്‍ ഹോള്‍ഡറെ (64 പന്തില്‍ 57) ജഡേജയുടെ പന്തില്‍ കോഹ്ലി പിടികൂടിയതോടെ വിന്‍ഡീസ് ഇന്നിംഗ്സിന് തിരശ്ശീല വീണു.
ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷാമി മൂന്നും ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടുവീതം വിക്കറ്റുകളും വീഴ്ത്തി.
183 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യത്തെ പിന്തുടര്ന്ന് മറുപടി ബാറ്റിങിനിറങ്ങിയ ടീം ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. സ്കോര്‍ബോര്‍ഡില്‍ 20 റണ്‍സായപ്പോഴേക്കും രണ്ട് ഓപ്പണര്‍മാരെയും നഷ്ടമായി. 9 റണ്‍സെടുത്ത ധവാനെ ടെയ്ലര് സാമിയുടെ കൈകളിലെത്തിച്ചപ്പോള്‍ രോഹിത് ശര്‍മ്മയെ (7) ടെയ്ലര് തന്നെ രാംദിന്റെ കൈകളിലുമെത്തിച്ചു. പിന്നീട് കോഹ്ലിയും രഹാനെയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ഇന്നിംഗ്സ് ഏറെ മുന്നോട്ടുപോയില്ല.
സ്കോര്‍ബോര്‍ഡില്‍ 63 റണ്‍സായപ്പോള്‍ 36 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത വിരാട് കോഹ്ലിയെ റസ്സലിന്റെ പന്തില്‍ സാമുവല്‍സ് കയ്യിലൊതുക്കി. രഹാനെക്കും ഏറെ ആയുസ്സുണ്ടായില്ല. സ്കോര്‍ 78-ല്‍ നില്‍ക്കേ 14 റണ്‍സെടുത്ത രഹാനെയെ റോച്ചിന്റെ പന്തില്‍ രാംദിന് പിടികൂടി. പിന്നീട് റെയ്നയും ധോണിയും ചേര്‍ന്ന് സ്കോര്‍ 100 കടത്തിയെങ്കിലും ഈ കൂട്ടുകെട്ടും ഏറെ മുന്നോട്ടുപോയില്ല.
22 റണ്‍സെടുത്ത റെയ്നയെ സ്മിത്തിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ രാംദിന് കയ്യിലൊതുക്കി. 22 ഓവറിലാണ് ടീം ഇന്ത്യ 100 കടന്നത്. തുടര്‍ന്നെത്തിയ രവീന്ദ്രജഡേജക്കും മികച്ച ഇന്നിംഗ്സ് കാഴ്ചവെക്കാന്‍ കഴിഞ്ഞില്ല. സ്കോര്‍ 29.3 ഓവറില്‍ 134 റണ്‍സില്‍ നില്‍ക്കേ 13 റണ്‍സെടുത്ത ജഡേജയെ റസ്സല്‍ സാമുവല്‍സിന്റെ കൈകളിലെത്തിച്ചു. പിന്നീട് ക്യാപ്റ്റന്റെ ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്ത ധോണി അശ്വിനെ കൂട്ടുപിടിച്ച് ടീം ഇന്ത്യയെ തുടര്‍ച്ചയായ നാലാം വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. 9.4 ഒാവറില്‍ 51 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. വിന്‍ഡീസിന് വേണ്ടി ജെറോം ടെയ്ലറും ആന്ദ്രെ റസ്സലും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
സ്കോര്‍ ബോര്‍ഡ്
വിന്‍ഡീസ്
സ്മിത്ത് സി ധോണി ബി മുഹമ്മദ് ഷാമി 6, ഗെയ്ല് സി മോഹിത് ശര്‍മ്മ ബി ഷാമി 21, സാമുവല്‍സ് റണ്ണൗട്ട് 2, കാര്‍ട്ടര്‍ സി ഷാമി ബി അശ്വിന് 21, രാംദിന് ബി ഉമേഷ് യാദവ് 0, സിമണ്‍സ് സി ഉമേഷ് യാദവ് ബി മോഹിത് ശര്‍മ്മ 9, ഡാരന്‍ സമി സി ധോണി ബി മുഹമ്മദ് ഷാമി 26, ആന്ദ്രെ റസ്സല്‍ സി കോഹ്ലി ബി ജഡേജ 8, ഹോള്‍ഡര്‍ സി കോഹ്ലി ബി ജഡേജ 57, ജെറോം ടെയ്ലര് സി & ബി ഉമേഷ് യാദവ് 11, കെമര്‍ റോച്ച് നോട്ടൗട്ട് 0, എക്സ്ട്രാസ് 21, ആകെ 44.2 ഓവറില്‍ 182ന് എല്ലാവരും പുറത്ത്.
വിക്കറ്റ് വീഴ്ച: 1-8, 2-15, 3-35, 4-35, 5-67, 6-71, 7-85, 8-124, 9-175, 10-182.
ബൗളിങ്: മുഹമ്മദ് ഷാമി 8-2-35-3, ഉമേഷ് യാദവ് 10-1-42-2, ആര്. അശ്വിന് 9-0-38-1, മോഹിത് ശര്‍മ്മ 9-2-35-1, രവീന്ദ്ര ജഡേജ 8.2-0-27-2.
ഇന്ത്യ
രോഹിത് ശര്‍മ്മ സി രാംദിന് ബി ടെയ്ലര് 7, ശിഖര്‍ ധവാന് സി സമി ബി ടെയ്ലര് 9, വിരാട് കോഹ്ലി സി സാമുവല്‍സ് ബി റസ്സല്‍ 33), അജിന്‍ക്യ രഹാനെ സി രാംദിന് ബി റോച്ച് 14, സുരേഷ് റെയ്ന സി രാംദിന് ബി സ്മിത്ത് 22, ധോണി നോട്ടൗട്ട് 45, രവീന്ദ്ര ജഡേജ സി സാമുവല്‍സ് ബി റസ്സല്‍ 13, അശ്വിന് നോട്ടൗട്ട് 16, എക്സ്ട്രാസ് 26, ആകെ 39.1 ഓവറില്‍ ആറ് വിക്കറ്റിന് 185.
വിക്കറ്റ് വീഴ്ച: 1-11, 2-20, 3-63, 4-78, 5-107, 6-134.
ബൗളിങ്: ടെയ്ലര് 8-0-33-2, ഹോള്‍ഡര്‍ 7-0-29-0, റോച്ച് 8-1-44-1, റസ്സല്‍ 8-0-43-2, സ്മിത്ത് 5-0-22-1, സാമുവല്‍സ് 3.1-0-10-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: