ഹാമില്ട്ടണ്: തുടര്‍ച്ചയായ അഞ്ചാം ജയം ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്ന് ഇറങ്ങുന്നു. എതിരാളികള്‍ വമ്പന്‍ അട്ടിമറികള്‍ നടത്തിയ അയര്‍ലന്‍ഡ്. ഇന്ത്യ നേരത്തെത്തന്നെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ടെങ്കിലും അയര്‍ലന്‍ഡിന് ഇന്ന് നിര്‍ണായകമാണ്.
നാല് കളികളില്‍ നിന്ന് മൂന്ന് വിജയവും ഒരു പരാജയവുമടക്കം ആറ് പോയിന്റുമായി നാലാം സ്ഥാനത്താണ് അവര്‍. ഇന്ന് ഇന്ത്യക്കെതിരെയും 15ന് പാക്കിസ്ഥാനെതിരെയുമാണ് അയര്‍ലന്‍ഡിന്റെ ബാക്കിയുള്ള കളികള്‍. ഇതിലൊരു കളിജയിച്ചാല്‍ അവര്‍ ക്വാര്‍ട്ടറിലെത്തുകയും ചെയ്യും. ഇന്ത്യയുടെ അവസാന മത്സരം 14ന് സിംബാബ്വെക്കെതിരെയാണ്. ഇന്ന് രാവിലെ 6.30നാണ് മത്സരം ആരംഭിക്കുക.
കഴിഞ്ഞ ദിവസം ഇന്ത്യ വെസ്റ്റിന്‍ഡീസിനെ പരാജയപ്പെടുത്തിയാണ് തുടര്‍ച്ചയായ നാലാം വിജയം ആഘോഷിച്ചത്. ഈ കളിയില്‍ ക്യാപ്റ്റന്‍ ധോണിയുടെ മികച്ച ബാറ്റിംഗാണ് ടീം ഇന്ത്യക്ക് വിജയം നേടിക്കൊടുത്ത്. ഇന്ന് വിജയിക്കാന്‍ കഴിഞ്ഞാല്‍ ധോണിയുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി ചേര്‍ക്കപ്പെടും.
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയ ഇന്ത്യന്‍ ക്യാപ്റ്റനെന്ന ബഹുമതിയാണ് ധോണിയെ കാത്തിരിക്കുന്നത്. നിലവില്‍ 11 വിജയങ്ങളുമായി കപില്‍ദേവിനൊപ്പം നില്‍ക്കുകയാണ് ധോണി. 13 ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച ധോണി ഒരു തോല്‍വി മാത്രമാണ് വഴങ്ങിയിട്ടുള്ളത്. 2011ലെ കഴിഞ്ഞ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു തോല്‍വി.
മറ്റൊരു റെക്കോര്‍ഡ് കൂടി ധോണിയെ കാത്തിരിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ ഏകദിനത്തില്‍ ഇന്ത്യയെ നയിച്ച നായകനെന്ന ബഹുമതിയാണ് അത്. നിലവില്‍ 174 മത്സരങ്ങളില്‍ നയിച്ച് മുഹമ്മദ് അസ്ഹറുദ്ദീനൊപ്പമാണ് ധോണി. വിന്‍ഡീസിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ്നിര ഫോമിലേക്കുയര്‍ന്നിരുന്നില്ല. വിന്‍ഡീസ് പേസര്‍മാര്‍ക്ക് മുന്നില്‍ ഒരുഘട്ടത്തില്‍ വിറച്ചുപോയ ഇന്ത്യയെ ധോണിയാണ് വിജയപീഠത്തിലേറ്റിയത്.
എന്നാല്‍ അതിന് മുന്‍പ് കളിച്ച മൂന്ന് കളികളിലും രോഹിത് ശര്‍മ്മ ഒഴികെയുള്ള മുന്‍നിര താരങ്ങള്‍ മികച്ച ബാറ്റിംഗ് കാഴ്ചവെച്ചിരുന്നു. ഇന്ന് ബാറ്റിംഗ്നിര അയര്‍ലന്‍ഡിനെതിരെ വീണ്ടും ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേപോലെ മുഹമ്മദ് ഷാമിയും ഉമേഷ് യാദവും നയിക്കുന്ന ബൗളിംഗ് പടയും മികച്ച ഫോമിലാണ്.
കഴിഞ്ഞ നാലുകളികളിലും എതിര് ടീമിനെ ഓള് ഔട്ടാക്കാന്‍ സാധിച്ചവരാണ് ഇന്ത്യന്‍ ബൗളര്‍മാര്‍. അതുകൊണ്ടുതന്നെ ഇന്ന് അയര്‍ലന്‍ഡിനെയും കെട്ടുകെട്ടിക്കാമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യന്‍ ക്യാമ്പ്. എന്നാല്‍ വിന്‍ഡീസിനെതിരായ മത്സരശേഷം ധോണി തന്നെ കുറ്റപ്പെടുത്തിയ രവീന്ദ്ര ജഡേജ ഇന്ന് കളിക്കുമോയെന്ന കാര്യം സംശയമാണ്. ഫോം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുന്ന ജഡേജക്ക് പകരം സ്റ്റുവര്‍ട്ട് ബിന്നി കളിക്കാനാണ് സാധ്യത.
മറുവശത്ത് വമ്പന്‍ അട്ടിമറിക്ക് കെല്‍പ്പുള്ളവരാണ് അയര്‍ലന്‍ഡ്. ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ വിന്‍ഡീസിനെ അട്ടിമറിച്ചാണ് അവര്‍ തുടങ്ങിയത്. രണ്ടാം മത്സരത്തില്‍ യുഎഇയെയും അവര്‍ പരാജയപ്പെടുത്തിയെങ്കിലും മൂന്നാം കളിയില്‍ ദക്ഷിണാഫ്രിക്കക്ക് മുന്നില്‍ വീണു.
എന്നാല്‍ കഴിഞ്ഞ ദിവസം തങ്ങളേക്കാള്‍ കരുത്തരായ സിംബാബ്വെക്കെതിരെ നടന്ന അത്യന്തം വാശിയേറിയ പോരാട്ടത്തില്‍ അഞ്ച് റണ്‍സിന്റെ വിജയം നേടാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് അയര്‍ലന്‍ഡ് ഇന്ന് ഇന്ത്യക്കെതിരെ മറ്റൊരു അട്ടിമറി സ്വപ്നം കണ്ട് ഇറങ്ങുന്നത്. സ്റ്റിര്‍ലിംഗും എഡ് ജോയ്സും ബാല്‍ബിര്‍നെയും ഒബ്രിയാന് സഹോദരന്മാരും ഉള്‍പ്പെട്ട ബാറ്റിംഗ്നിര ഏത് കൊമ്പന്മാരെയും അട്ടിമറിക്കാന്‍ കെല്‍പ്പുള്ളവരാണ്.
അതുപോലെ കുസാക്കും മൂണിയും ഡോക്ക്റെല്ലും ഉള്‍പ്പെടുന്ന ബൗളര്‍മാരും മികച്ച ഫോമിലാണ്. എന്തായാലും ഇന്ന് ജയിച്ചാല്‍ ക്വാര്‍ട്ടര്‍ ബര്‍ത്ത് സ്വന്തമാക്കാന്‍ കഴിയുമെന്നതിനാല്‍ മികച്ച പോരാട്ടം നടത്താനുറച്ചുതന്നെയായിരിക്കും അയര്‍ലന്‍ഡ് താരങ്ങള്‍ ഇറങ്ങുക. ഇന്ത്യയാകട്ടെ തങ്ങളുടെ അപരാജിത കുതിപ്പ് തുടരാനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: