മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ബര്‍ത്ത് ലക്ഷ്യമിട്ട് നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ഇന്ന് രണ്ടാംപാദ പോരാട്ടത്തിന് ഇറങ്ങുന്നു. ജര്‍മ്മന്‍ ക്ലബ് ഷാല്‍ക്കെയാണ് റയലിനെ വെല്ലുവിളിക്കാനിറങ്ങുന്നത്. ഷാല്‍ക്കെയുടെ തട്ടകത്തില്‍ നടന്ന ആദ്യപാദത്തില്‍ റയല്‍ 2-0ന്റെ വിജയം സ്വന്തമാക്കിയിരുന്നു. ഈ ആത്മവിശ്വാസത്തിലാണ് സാന്റിയാഗോ ബെര്ണാബ്യൂവില് റയല്‍ ഇന്ന് രണ്ടാം പാദത്തിനിറങ്ങുന്നത്.
അതേസമയം സ്പാനിഷ് ലീഗില്‍ വിജയിക്കാന്‍ കഴിയാതെ രണ്ട് മത്സരങ്ങള്‍ പിന്നിട്ടതിന്റെ ക്ഷീണത്തിലാണ് റയല്‍. കഴിഞ്ഞ ദിവസം സ്പാനിഷ് ലീഗല്‍ അത്ലറ്റികോ ബില്‍ബാവോയോട് പരാജയപ്പെട്ടപ്പോള്‍ ഈ മാസം ഒന്നിന് വിയ്യാറയലുമായി സമനില പാലിക്കേണ്ടിയും വന്നു അവര്‍ക്ക്. ലോക ഫുട്ബോളിലെ സൂപ്പര്‍താരങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഗരെത്ത് ബെയ്ലും കരിം ബെന്‍സേമയും അണിനിരന്നിട്ടും റയല്‍ പരാജയപ്പെട്ടത് കോച്ച് കാര്‍ലോസ് ആന്‍സലോട്ടിയെ ചിന്തിപ്പിക്കുന്നുണ്ട്. ഇന്നത്തെ പോരാട്ടത്തിലും ഇവര്‍ തന്നെയായിരിക്കും റയലിന്റെ ആക്രമണ കുന്തമുനകള്‍.
മറുവശത്ത് ഷാല്ക്കേയുടെ പ്രകടനവും മികച്ചതല്ല. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് അവര്‍ക്ക് ജയിക്കാന്‍ കഴിഞ്ഞത്. മൂന്നെണ്ണത്തിലും പരാജയപ്പെട്ടപ്പോള്‍ ഒരെണ്ണം സമനിലയിലും കലാശിച്ചു. ഇന്നത്തെ പോരാട്ടത്തില്‍ റയലിന് തന്നെയാണ് സാധ്യത കൂടുതല്‍. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് റയലിനെ പരാജയപ്പെടുത്തിയാല്‍ മാത്രമേ ഷാല്ക്കേയുടെ ക്വാര്‍ട്ടര്‍ മോഹം സഫലമാകുകയുള്ളൂ. അതേസമയം റയലിന് ഒരു സമനില മാത്രം മതി അവസാന എട്ടില്‍ ഇടംപിടിക്കാന്‍.
മറ്റൊരു കളിയില്‍ എഫ്സി പോര്‍ട്ടോ സ്വന്തം മൈതാനത്ത് എഫ്സി ബാസലുമായി ഏറ്റുമുട്ടും. ബാസലിന്റെ മൈതാനത്ത് നടന്ന ആദ്യപാദം 1-1ന് സമനിലയില്‍ കലാശിച്ചിരുന്നു. അതുകൊണ്ടുതന്നെ പോര്‍ട്ടോ എവേ ഗോളിന്റെ ആനുകൂല്യത്തിലാണ് ഇന്ന് രണ്ടാം പാദത്തിനിറങ്ങുന്നത്. കളി ഗോള്‍രഹിത സമനിലയില്‍ കലാശിച്ചാലും പോര്‍ട്ടോ എവേ ഗോളിന്റെ കരുത്തില്‍ ക്വാര്‍ട്ടറില്‍ ഇടംപിടിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: