ഹാമില്ട്ടണ്: ബംഗ്ലാ കടുവകളെ തകര്‍ത്ത് ന്യൂസിലാന്‍ഡിന് ലോകകപ്പ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ ആറാം വിജയം. ഇന്നലെ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു കിവി പക്ഷികള്‍ കടുവകളെ തിന്നത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് മഹ്മദുള്ളയുടെ (128 നോട്ടൗട്ട്), സൗമ്യ സര്‍ക്കാര്‍ (51), സാബിര്‍ റഹ്മാന് (40) എന്നിവരുടെ മികച്ച ബാറ്റിംഗിന്റെ കരുത്തില്‍ 50 ഓവറില്‍ ആറ് വിക്കറ്റിന് 288 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡ് ഒരുഘട്ടത്തില്‍ തകര്‍ച്ച നേരിട്ടെങ്കിലും ഗുപ്റ്റലിന്റെയും (105), ടെയ്ലര് (56), എലിയറ്റ്, ആന്ഡേഴ്സണ് (ഇരുവരും 39) എന്നിവരുടെ ബാറ്റിംഗിന്റെ മികവില്‍ 7 പന്തുകള്‍ ബാക്കിനില്‍ക്കേ 7 വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സെടുത്ത് വിജയം കാണുകയായിരുന്നു. ഗുപ്റ്റിലാണ് മാന്‍ ഓഫ് ദി മാച്ച്. ഇരുടീമുകളും നേരത്തെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു. ക്വാര്‍ട്ടറില്‍ ബംഗ്ലാദേശ് ഇന്ത്യയുമായി ഏറ്റുമുട്ടും.
നേരത്തെ ഏകദിനത്തില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുന്ന രണ്ടാമത്തെ ബംഗ്ലാദേശി താരതാരമെന്ന ബഹുമതിയും മഹ്മദുള്ള സ്വന്തമാക്കി. കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു മഹ്മദുള്ളയുടെ ആദ്യ സെഞ്ചുറി. 2006-ല്‍ സിംബാബ്വെയ്ക്കെതിരെ പുറത്താകാതെ 123 ഉം 105 ഉം റണ്‍സെടുത്ത ഷഹ്രിയാര്‍ നഫീസാണ് മഹ്മുദുള്ളയുടെ മുന്‍ഗാമി. ലോകകപ്പില്‍ സെഞ്ചുറി നേടിയ ഒരേയൊരു ബംഗ്ലാദേശുകാരന് കൂടിയാണ് മഹ്മദുള്ള. മാത്രമല്ല ലോകകപ്പിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ നാലാമത്തെ താരമായി മഹ്മദുള്ള. അഞ്ച് ഇന്നിംഗ്സില്‍ നിന്ന് 344 റണ്‍സാണ് മഹ്മദുള്ള ഇതുവരെ നേടിയത്.
രണ്ട് മാറ്റങ്ങളുമായാണ് ബംഗ്ലാദേശ് കിവികള്‍ക്കെതിരെ ഇറങ്ങിയത്. താജുല്‍ ഇസ്ലാം, നാസിര്‍ ഹൊസൈന്‍ എന്നിവര്‍ ടീമിലെത്തിയപ്പോള്‍ ബംഗ്ലദേശ് നായകന് മഷ്റഫേ മൊര്‍ത്താസയും അറഫാത്തും പുറത്തിരുന്നു. മൊര്‍ത്താസയ്ക്ക് പകരം ഷക്കിബ് അല്‍ ഹസ്സനാണ് ടീമിനെ നയിച്ചത്. ന്യൂസീലാന്‍ഡ് ടീമില്‍ പരിക്കേറ്റ ആന്ദ്രെ മില്നു പകരം മിച്ചല്‍ മക്ലെനാഗന് കളിക്കുന്നുണ്ട്.
നേരത്തെ ടോസ് നേടിയ ന്യൂസിലാന്‍ഡ് നായകന് ബ്രണ്ടന്‍ മക്കല്ലം ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനത്തെ ശരിവെച്ച് ബൗളര്‍മാര്‍ പന്തെറിയും ചെയ്തപ്പോള്‍ തുടക്കത്തില്‍ ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര് പതറി. സ്കോര്‍ബോര്‍ഡില്‍ 27 റണ്‍സ് ആയപ്പോഴേക്കും ഓപ്പണര്‍മാരായ ഇംറുള്‍ കെയ്സും തമിം ഇഖ്ബാലും ട്രെന്റ് ബൗള്‍ട്ടിന് മുന്നില്‍ കീഴടങ്ങി. എന്നാല്മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ സൗമ്യ സര്‍ക്കാറും മഹ്മദുള്ളയും ഒത്തുചേര്‍ന്നതോടെ ബംഗ്ലാദേശ് കളിയിലേക്ക് തിരിെച്ചത്തി.
ന്യൂസിലാന്‍ഡ് ബൗളര്മാക്കെതിരെ മികച്ച രീതിയില്‍ ബാറ്റ് വീശിയ ഇരുവരും ചേര്‍ന്ന് 18 ഓവറില്‍ 90 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്കോര്‍ 117-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് വേര്‍പിരിക്കാന്‍ ന്യൂസിലാന്‍ഡ് ബൗളര്‍മാര്‍ക്ക് കഴിഞ്ഞത്. 58 പന്തില്‍ നിന്ന് 7 ബൗണ്ടറികളോടെ 51 റണ്‍സെടുത്ത സൗമ്യ സര്‍ക്കാറിനെ വെട്ടോറിയുടെ പന്തില്‍ ആന്ഡേഴ്സണ് കയ്യിലൊതുക്കി. കരിയറിലെ ആദ്യ അര്‍ദ്ധസെഞ്ചുറിയാണ് സൗമ്യ സര്‍ക്കാര്‍ ഇന്നലെ കണ്ടെത്തിയത്.
തുടര്‍ന്നെത്തിയ ഷാക്കിബ് അല്‍ ഹസ്സന് 18 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത ആന്‍ഡേഴ്സന്റെ പന്തില്‍ റോഞ്ചിക്ക് ക്യാച്ച് നല്കി മടങ്ങിയപ്പോള്‍ നാലിന് 151 എന്ന നിലയിലായി. പിന്നീട് സ്കോര്‍ 182-ല്‍ എത്തിയപ്പോള്‍ അഞ്ചാം വിക്കറ്റും നഷ്ടമായി. 15 റണ്‍സെടുത്ത മുഷ്ഫിഖര്‍ റഹിമിനെ ആന്ഡേഴ്സണ് റോഞ്ചിയുടെ കൈകളിലെത്തിച്ചു. ഇതോടെ വന്‍ തകര്‍ച്ച നേരിട്ട ബംഗ്ലാദേശിനെ ആറാം വിക്കറ്റില്‍ മഹ്മദുള്ളയും സാബിര്‍ റഹ്മാനും ചേര്‍ന്നാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 78 റണ്‍സാണ് കൂട്ടിച്ചേര്‍ത്ത് സ്കോര്‍ 260-ല്‍ എത്തിച്ചു. ഇതിനിടെ മഹ്മദുള്ള രണ്ടാം സെഞ്ചുറിയും തികച്ചു.
111 പന്തുകളില്‍ നിന്ന് 8 ഫോറും രണ്ട് സിക്സറുമടക്കമാണ് മഹ്മദുള്ള ശതകം തികച്ചത്. 23 പന്തുകളില്‍ നിന്ന് അഞ്ച് ഫോറും രണ്ട് സിക്സറുമടക്കം 40 റണ്‍സെടുത്ത സാബിറിനെ എല്ലിയറ്റിന്റെ പന്തില്‍ ക്യാപ്റ്റന്‍ മക്കല്ലം പിടികൂടി. തുടര്‍ന്നെത്തിയ നാസിര്‍ ഹുസൈന് 7 പന്തില്‍ നിന്ന് 11 റണ്‍സെടുത്ത് എല്ലിയറ്റിന്റെ പന്തില്‍ ടെയ്ലര്‍ക്ക് ക്യാച്ച് നല്കി മടങ്ങിയതോടെ ബംഗ്ലാദേശ് ഇന്നിംഗ്സ് 288 റണ്‍സിലൊതുങ്ങി. മറ്റ് ടീമുകളെയെല്ലാം വിറപ്പിച്ച കിവീസ് ബൗളര്‍മാരെ ഏറെക്കുറെ അനായാസമായി തന്നെയാണ് ബംഗ്ലാദേശി ബാറ്റ്സ്മാന്മാര് നേരിട്ടത്. കിവീസിനുവേണ്ടി ബൗള്‍ട്ടും ആന്‍ഡേഴ്സനും എലിയറ്റും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
289 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്ന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡ് തുടക്കവും തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ബോര്‍ഡില്‍ 33 റണ്‍സായപ്പോഴേക്കും 8 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലത്തെയും ഒരു റണ്‍സെടുത്ത കെയ്ന്‍ വില്ല്യംസണെയും ഷാക്കിബ് അല്‍ ഹസ്സന് മടക്കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഗുപ്റ്റിലും റോസ് ടെയ്ലറും ചേര്‍ന്ന് നേടിയ 131 റണ്‍സാണ് തകര്‍ച്ചയില്‍ നിന്ന് ന്യൂസിലാന്‍ഡിനെ കരകയറ്റിയത്.
സ്കോര്‍ബോര്‍ഡില്‍ 164 റണ്‍സുള്ളപ്പോള്‍ 100 പന്തില്‍ നിന്ന് 11 ഫോറും രണ്ട് സിക്സറുമടക്കം 105 റണ്‍സെടുത്ത മാര്ട്ടിന് ഗുപ്റ്റിലിനെ മടക്കി ഷക്കിബ് അല്‍ ഹസ്സന് തന്നെയാണ് ബംഗ്ലാദേശിന് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നീട് ടെയ്ലറും എലിയറ്റും ചേര്‍ന്ന് സ്കോര്‍ 200 കടത്തിവിട്ടു. എന്നാല്‍ 210-ല്‍ എത്തിയപ്പോള്‍ നാലാം വിക്കറ്റും കിവികള്‍ക്ക് നഷ്ടമായി. 39 റണ്‍സെടുത്ത എലിയറ്റിനെ റൂബല്‍ ഹൊസൈന്‍ തസ്കിന് അഹമ്മദിന്റെ കൈകളിലെത്തിച്ചു. അധികം കഴിയും മുന്നേ അര്‍ദ്ധശതകം നേടി മുന്നേറുകയായിരുന്ന റോസ് ടെയ്ലറും കൂടാരംകയറി. 56 റണ്‍സെടുത്ത ടെയ്ലറെ നാസിര്‍ ഹൊസൈന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. സ്കോര്‍ 5ന് 219.
പിന്നീട് കോറി ആന്‍ഡേഴ്സണും ലൂക്ക് റോഞ്ചിയും ചേര്‍ന്ന് കിവികളെ മുന്നോട്ടുനയിച്ചു. സ്കോര്‍ 247-ല്‍ എത്തിയപ്പോള്‍ 9 റണ്‍സെടുത്ത ലൂക്ക് റോഞ്ചിയെ ഷാക്കിബ് അല്‍ ഹസ്സന് നാസിര്ഹൊസൈന്റെ കൈകളിലെത്തിച്ചു. ഇതോടെ ബംഗ്ലാദേശ് വിജയം സ്വപ്നം കണ്ടെങ്കിലും കോറി ആന്‍ഡേഴ്സണും വെട്ടോറിയും ചേര്‍ന്ന് അത് വിഫലമാക്കി. പിന്നീട് സ്കോര്‍ 269-ല്‍ നില്‍ക്കേ കോറി ആന്‍ഡേഴ്സണെ (26 പന്തില്‍ 39) നാസിര്‍ ഹൊസൈന്‍ ബൗള്‍ഡാക്കി. എന്നാല്‍ 10 പന്തില്‍ നിന്ന് 19 റണ്‍സെടുത്ത ഡാനിയേല്‍ വെട്ടോറിയും 6 പന്തില്‍ നിന്ന് 12 റണ്‍സെടുത്ത ടിം സൗത്തിയും ചേര്‍ന്ന് 6 പന്തുകള്‍ ബാക്കിനില്‍ക്കേ കിവികളെ വിജയത്തിലേക്ക് നയിച്ചു. ബംഗ്ലാദേശിന് വേണ്ടി ഷാക്കിബ് അല്‍ ഹസ്സന് 8.5 ഓവറില്‍ 55 റണ്‍സ് വഴങ്ങി നാലും നാസിര്‍ ഹൊസൈന്‍ 5 ഓവറില്‍ 32 റണ്‍സ് വഴങ്ങി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
സ്കോര്‍ബോര്‍ഡ്
ബംഗ്ലാദേശ് ഇന്നിംഗ്സ്
തമിം ഇഖ്ബാല്‍ സി ആന്ഡേഴ്സണ് ബി ബൗള്‍ട്ട് 13, ഇംറുള്‍ കെയ്സ് ബി ബൗള്‍ട്ട് 2, സൗമ്യ സര്‍ക്കാര്‍ സി ആന്ഡേഴ്സണ് ബി വെട്ടോറി 51, മഹ്മദുള്ള നോട്ടൗട്ട് 128, ഷാക്കിബ് അല്‍ ഹസ്സന് സി റോഞ്ചി ബി ആന്ഡേഴ്സണ് 23, മുഷ്ഫിഖര്‍ റഹിം സി റോഞ്ചി ബി ആന്ഡേഴ്സണ് 15, സാബിര്‍ റഹ്മാന് സി മക്കുല്ലം ബി എലിയറ്റ് 40, നാസിര്‍ ഹൊസൈന്‍ സി ടെയ്ലര് ബി എലിയറ്റ് 11, റൂബല്‍ ഹൊസൈന്‍ നോട്ടൗട്ട് 0, എക്സ്ട്രാസ് 5, ആകെ 50 ഓവറില്‍ 7 വിക്കറ്റിന് 288.
വിക്കറ്റ് വീഴ്ച: 1-4, 2-27, 3-117, 4-151, 5-182, 6- 260, 7-287.
ബൗളിംഗ്: സൗത്തി 10-1-51-0, ബൗള്‍ട്ട് 10-3-56-2, മക്ലെനാഗന് 8-0-68-0, വെട്ടോറി 10-0-42-1, ആന്ഡേഴ്സണ് 10-0-43-2, എലിയറ്റ് 2-0-27-2.
ന്യൂസിലാന്‍ഡ് ഇന്നിംഗ്സ്
ഗുപ്റ്റില്‍ സി റൂബല്‍ ഹൊസൈന്‍ ബി ഷക്കിബ് അല്‍ ഹസ്സന് 105, മക്കുല്ലം സി സൗമ്യ സര്‍ക്കാര്‍ ബി ഷക്കിബ് അല്‍ ഹസ്സന് 8, വില്ല്യംസണ് സി തമിം ഇഖ്ബാല്‍ ബി ഷക്കിബ് 1, ടെയ്ലര് എല്‍ബിഡബ്ല്യു നാസിര്‍ ഹൊസൈന്‍ 56, എലിയറ്റ് സി തസ്കന് അഹമ്മദ് ബി റൂബല്‍ ഹൊസൈന്‍ 39, ആന്ഡേഴ്സണ് ബി നാസിര്‍ ഹൊസൈന്‍ 39, റോഞ്ചി സി നാസിര്‍ ഹൊസൈന്‍ ബി ഷക്കിബ് അല്‍ ഹസ്സന് 9, വെട്ടോറി നോട്ടൗട്ട് 16, സൗത്തി നോട്ടൗട്ട് 12, എക്സ്ട്രാസ് 5, ആകെ 48.5 ഓവറില്‍ 7 വിക്കറ്റിന് 290.
വിക്കറ്റ് വീഴ്ച: 1-27, 2-33, 3-164, 4-210, 5-219, 6-247, 7-269.
ബൗളിംഗ്: ഷക്കിബ് അല്‍ ഹസന് 8.5-1-55-4, തെയ്ജുല്‍ ഇസ്ലാം 10-0-58-0, റൂബല്‍ ഹൊസൈന്‍ 8-1-40-1, തസ്കിന് അഹമ്മദ് 8-0-49-0, സൗമ്യ സര്‍ക്കാര്‍ 4-0-19-0, സാബിര്‍ റഹ്മാന് 2-0-14-0, മഹ്മദുള്ള 3-0-22-0, നാസിര്‍ ഹൊസൈന്‍ 5-0-32-2.
പ്രതികരിക്കാൻ ഇവിടെ എഴുതുക: