ഓക്‌ലന്‍ഡ്: സിംബാബ്‌വെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ബ്രണ്ടന്‍ ടെയ്‌ലര്‍ക്ക് ഇന്ന് ദേശീയ ടീമിനായുള്ള അവസാന മത്സരം. ദേശീയ ടീമിനായി 11 വര്‍ഷം കളിച്ചശേഷമാണ് ടെയ്‌ലര്‍ വിരമിക്കുന്നത്. ഇംഗ്ലീഷ് കൗണ്ടി ടീമായ നോട്ടിങ്ഹാംഷയറുമായി കരാര്‍ ഒപ്പിട്ടതിനെ തുടര്‍ന്നാണ് ടെയ്‌ലര്‍ക്ക് സിംബാബ്‌വെ ദേശീയ ടീമിനോട് വിടപറയേണ്ടിവന്നത്. മൂന്ന് വര്‍ഷത്തെ കരാറാണ് ടെയ്‌ലര്‍ ഒപ്പിട്ടത്. യൂറോപ്പില്‍ നിലവിലുള്ള കൊല്‍പാക് നിയമം അനുസരിച്ച് കൗണ്ടി ടീമുകളുമായി കരാര്‍ ഒപ്പിട്ടുകഴിഞ്ഞാല്‍ പിന്നെ മറ്റൊരു രാജ്യത്തിനുവേണ്ടി കളിക്കാനാവില്ല.
കരാര്‍ ഒപ്പിട്ടു കഴിഞ്ഞാല്‍ യൂറോപ്പ്യന്‍ യൂണിയനിലെ ഏത് അംഗരാജ്യത്തും പോയി ജോലി ചെയ്യാന്‍ അനുവദിക്കുന്നതാണ് കൊല്‍പാക് നിയമം. ക്രിക്കറ്റില്‍ യൂറോപ്പില്‍ നിന്ന് കാര്യമായി ടീമുകള്‍ ഇല്ലാത്തതിനാല്‍ സിംബാബ്‌വെയും ദക്ഷിണാഫ്രിക്കയും ഏതാനും കരീബിയന്‍ രാജ്യങ്ങളും ഉള്‍പ്പെടുന്ന എസിപി ഗ്രൂപ്പ് ഓഫ് സ്‌റ്റേറ്റ്‌സും യൂറോപ്യന്‍ യൂണിയനുമായുള്ള കരാറില്‍ പങ്കാളികളാണ്. അങ്ങനെയാണ് ടെയ്‌ലര്‍ കരാര്‍ നോട്ടിങ്ങാംഷയറുമായി കരാര്‍ ഒപ്പിട്ടത്. ഇതോടെയാണ് ബ്രണ്ടന്‍ ടെയ്‌ലര്‍ക്ക് സിംബാബ്‌വെ ടീമില്‍ നിന്ന് വിരമിക്കേണ്ടിവന്നത്.
ടെയ്‌ലര്‍ 2004-ല്‍ ശ്രീലങ്കക്കെതിരെയാണ് ടെയ്‌ലര്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത്. 166 മത്സരങ്ങളില്‍ നിന്ന് 5120 റണ്‍സും ടെയ്‌ലര്‍ നേടിയിട്ടുണ്ട്. 7 സെഞ്ചുറികളും 32 അര്‍ദ്ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും. പുറത്താകാതെ നേടിയ 141 റണ്‍സാണ് ടെയ്‌ലറുടെ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 2004-ല്‍ ശ്രീലങ്കക്കെതിരെയായിരുന്നു ടെയ്‌ലറുടെ ടെസ്റ്റ് അരങ്ങേറ്റവും. 23 ടെസ്റ്റുകൡലെ 43 ഇന്നിംഗ്‌സില്‍ നിന്നുമായി 1493 റണ്‍സും ടെയ്‌ലര്‍ നേടിയിട്ടുണ്ട്. നാല് സെഞ്ചുറികളും 7 അര്‍ദ്ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. 171 റണ്‍സാണ് ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍. സിംബാബ്‌വേക്ക് വേണ്ടി 26 ട്വന്റി 20യിലും ടെയ്‌ലര്‍ കളിച്ചിട്ടുണ്ട്.
















