ഓക്ലന്‍ഡ്: പൂള് ബിയില്‍ ടീം ഇന്ത്യ ഇന്ന് അവസാന പോരാട്ടത്തിനിറങ്ങുന്നു. എതിരാളികള്‍ ക്വാര്‍ട്ടറില്‍ കടക്കാതെ പുറത്തുപോയ സിംബാബ്വെ. രാവിലെ ആറിന് ഈഡന് പാര്‍ക്കിലാണ് മത്സരം. കളിച്ച അഞ്ച് മത്സരങ്ങളിലും വിജയിച്ച് 10 പോയിന്റുമായി പൂള് ബി ചാമ്പ്യന്മാരായി ക്വാര്‍ട്ടറില്‍ പ്രവേശിച്ച ടീം ഇന്ത്യയുടെ ഇന്നത്തെ ലക്ഷ്യം തുടര്‍ച്ചയായ ആറാം വിജയം. അതേസമയം സിംബാബ്വെയാകട്ടെ കളിച്ച അഞ്ച് കളികളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് വിജയിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, പാക്കിസ്ഥാന്, അയര്‍ലന്‍ഡ് എന്നീ ടീമുകളോട് പരാജയപ്പെട്ടപ്പോള്‍ ഏക ജയം സ്വന്തമാക്കിയത് യുഎഇക്കെതിരെയാണ്.
അയര്‍ലന്‍ഡിനെതിരായ കഴിഞ്ഞ മത്സരത്തോടെ രോഹിത് ശര്‍മ്മയും ഫോമിലേക്ക് മടങ്ങിയെത്തിയതാണ് ഇന്ത്യന്‍ ക്യാമ്പിലെ ആത്മവിശ്വാസം ഉയര്‍ത്തിയിരിക്കുന്നത്. ഒപ്പം ശിഖര്‍ ധവാന്, വിരാട് കോഹ്ലി, ക്യാപ്റ്റന്‍ ധോണി, അജിന്‍ക്യ രഹാനെ, സുരേഷ് റെയ്ന എന്നിവരും മികച്ച ഫോമിലാണ്. രവീന്ദ്ര ജഡേജ മാത്രമാണ് ബാറ്റുകൊണ്ട് ടീമിന് ഇതുവരെ മികച്ച സംഭാവന നല്‍കാത്തത്.എന്നാല്‍ ബൗളിംഗില്‍ മികച്ച പ്രകടനമാണ് ജഡേജ നടത്തുന്നത്.
അതേപോലെ മുഹമ്മദ് ഷാമിയും ഉമേഷ് യാദവും നയിക്കുന്ന ബൗളിംഗ് പടയും മികച്ച ഫോമിലാണ്. കഴിഞ്ഞ അഞ്ചുകളികളിലും എതിര് ടീമിനെ ഓള് ഔട്ടാക്കാന്‍ സാധിച്ചവരാണ് ഇന്ത്യന്‍ ബൗളര്‍മാര്‍. അതുകൊണ്ടുതന്നെ ഇന്ന് സിംബാബ്വെക്കെതിരെയും അത്തരം പ്രകടനം നടത്താമെന്ന കണക്കുകൂട്ടലിലാണ് ധോണിയും കൂട്ടരും. ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചുകഴിഞ്ഞതിനാല് ടീമില്‍ ചില മാറ്റങ്ങള്‍ വരുത്താനും ധോണി മുതിര്‍ന്നേക്കുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ ജഡേജ പുറത്തിരിക്കുകയും സ്റ്റുവര്‍ട്ട് ബിന്നി കളിക്കാനിറങ്ങുകയും ചെയ്യും.
മറുവശത്ത് അയര്‍ലന്റിനോടും പരാജയപ്പെട്ടതിന്റെ നിരാശയിലാണ് സിംബാബ്വെ ടീം അംഗങ്ങള്‍. ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും അവസരത്തിനൊത്ത് ഉയരാത്തതാണ് അവരെ കഷ്ടത്തിലാക്കുന്നത്. സീന്‍ വില്ലംസണ്‍ മാത്രമാണ് കഴിഞ്ഞ മത്സരങ്ങളിലെല്ലാം തരക്കേടില്ലാത്ത പ്രകടനം നടത്തിയിട്ടുള്ളത്. അതേസമയം അയര്‍ലന്റിനെതിരെ തകര്‍പ്പന്‍ സെഞ്ചുറിയുമായി ബ്രണ്ടന്‍ ടെയ്ലര് ഫോമിലേക്ക് മടങ്ങിയെത്തിയതും അവരുടെ പ്രതീക്ഷകള്‍ക്ക് നിറമേകുന്നു.
എന്നാല്‍ ഓപ്പണര്‍മാരായ സിക്കന്ദര്‍ റാസയും ചിബാബയും മുന്‍നിര താരങ്ങളായ മസാകഡ്സയും മിറെയും ഉള്‍പ്പെട്ട താരങ്ങള്‍ ഇനിയും മികച്ച ഫോമിലേക്കുയര്‍ന്നിട്ടില്ല. അതുപോലെ തന്നെയാണ് ബൗൡഗ് നിരയും. ശരാശരിയിലും മികച്ച പ്രകടനം ഇതുവരെ പുറത്തെടുക്കാന്‍ ചതാരയും പന്യാന്ഗരയും മുപാരിവയും അടങ്ങുന്ന ബൗളര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്തിന് ദുര്‍ബലരായ യുഎഇയെ പോലും ഓള് ഔട്ടാന് സിംബാബ്വെ ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല എന്നത് അവരുടെ ദൗര്‍ബല്യമാണ് തുറന്നുകാട്ടുന്നത്.
പൂള് എയില്‍ ഇന്ന് നടക്കുന്ന കളിയില്‍ ഓസ്ട്രേലിയ സ്കോട്ട്ലന്ഡുമായി ഏറ്റുമുട്ടും. അഞ്ച് കളികളില്‍ നിന്ന് 7 പോയിന്റുമായി ക്വാര്‍ട്ടറില്‍ ഇടംപിടിച്ച ഓസ്ട്രേലിയക്ക് ഇന്ന് ജയിക്കാന്‍ കഴിഞ്ഞാല്‍ പോയിന്റ് പട്ടികയില്‍ ശ്രീലങ്കയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി രണ്ടാം സ്ഥാനത്തേക്കുയരാന്‍ കഴിയും.
സ്കോട്ട്ലന്‍ഡ് ആകട്ടെ കളിച്ച അഞ്ച് മത്സരങ്ങളിലും പരാജയപ്പെട്ട ടീമാണ്. ഇന്ന് ഒരു ആശ്വാസജയമെങ്കിലും നേടാന്‍ കഴിയുമോ എന്നായിരിക്കും സ്കോട്ടിഷ് പട കണക്കുകൂട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: