റോം: ഇറ്റാലിയന്‍ ലീഗ് സീരി എയില്‍ കരുത്തരായ ഇന്റര്‍മിലാന് സമനില. ദുര്‍ബലരായ സെസ്നയാണ് ഇന്ററിനെ 1-1ന് സമനിലയില്‍ തളച്ചത്. ലീഗില്‍ ഇന്ററിന്റെ തുടര്‍ച്ചയായ രണ്ടാം സമനിലയാണിത്. കൂടാതെ കഴിഞ്ഞദിവസം യൂറോപ്പ ലീഗ് കപ്പിന്റെ ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ഇന്റര്‍ വോള്‍വ്‌സ്ബര്‍ഗിനോട് പരാജയപ്പെടുകയും ചെയ്തിരുന്നു.
ഇന്നലെ നടന്ന കളിയില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ഇന്റര്‍ സമനില പിടിച്ചുവാങ്ങിയത്. കളിയുടെ 30-ാം മിനിറ്റില്‍ ഡെഫ്‌റെലിലൂടെ സെസ്‌ന ലീഡ് നേടി. എന്നാല്‍ 48-ാം മിനിറ്റില്‍ പലാസിയോ ഇന്ററിനായി സമനിലഗോള്‍ നേടി.
അതേസമയം പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള നപ്പോളി ഇന്നലെ അപ്രതീക്ഷിത പരാജയം രുചിച്ചു. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വെറോണയാണ് നപ്പോളിയെ അട്ടിമറിച്ചത്. രണ്ട് ഗോളുകളും നേടിയത് മുന്‍ ഇറ്റാലിയന്‍ സൂപ്പര്‍ താരം ലൂക്കാ ടോണിയാണ്.
അതേസമയം ലീഗില്‍ കരുത്തരായ പാര്‍മയുടെ കഷ്ടകാലം തുടരുകയാണ്. പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ള പാര്‍മ ഇന്നലെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് സാസ്സുലോയോട് പരാജയപ്പെട്ടു. 25 കളികളില്‍ പൂര്‍ത്തിയാക്കിയ പാര്‍മക്ക് 9 പോയിന്റ് മാത്രമാണുള്ളത്.
















