മൊണാക്കോ: മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മൊണാക്കോയെ പാജയപ്പെടുത്തിയിട്ടും ആഴ്‌സണല്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോൡന്റെ ക്വാര്‍ട്ടറില്‍ കടക്കാതെ പുറത്തായി. ഇരുപാദങ്ങളിലുമായി ഗോള്‍നില 3-3 ആയതോടെ എവേ ഗോളുകളുടെ കരുത്തിലാണ് മൊണാക്കോ ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചത്.
ആദ്യപാദത്തില്‍ ആഴ്‌സണലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു മൊണാക്കോ അട്ടിമറിച്ചത്. 36-ാം മിനിറ്റില്‍ ഒളിവര്‍ ഗിറൗഡും 79-ാം മിനിറ്റില്‍ റംസിയുമാണ് ഗണ്ണേഴ്‌സിനായി ഇന്നലെ ഗോളുകള്‍ നേടിയത്. എതിര്‍ മൈതാനത്ത് ആഴ്‌സണല്‍ രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ മൊണാക്കോ മൂന്നെണ്ണം നേടിയിരുന്നു. ഇതാണ് ഗണ്ണേഴ്‌സിന് പുറത്തേക്കുള്ള വഴി തുറന്നത്. തുടര്‍ച്ചയായ അഞ്ചാം സീസണിലാണ് ആഴ്‌സണല്‍ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ ഇടംപിടിക്കാതെ പുറത്താകുന്നത്.
മാഡ്രിഡില്‍ നടന്ന മത്സരത്തില്‍ ബയേര്‍ ലെവര്‍ക്യൂസനെ ഷൂട്ടൗട്ടില്‍ മറികടന്നാണ് നിലവിലെ റണ്ണേഴ്‌സപ്പായ അത്‌ലറ്റികോ മാഡ്രിഡ് അവസാന എട്ടില്‍ ഇടംപിടിച്ചത്. ആദ്യപാദത്തില്‍ ലെവര്‍ക്യൂസന്‍ 1-0ന് വിജയിച്ചപ്പോള്‍ രണ്ടാം പാദത്തില്‍ ഇതേ മാര്‍ജിന് അത്‌ലറ്റികോയും വിജയിച്ചു. കളിയുടെ 27-ാം മിനിറ്റില്‍ മരിയോ സുവാരസാണ് ഇന്നലെ അത്‌ലറ്റികോയുടെ വിജയഗോള്‍ നേടിയത്. ഇതോടെ ഇരുപാദങ്ങളിലുമായി മത്സരം 1-1ന് സമനിലയിലായി. തുടര്‍ന്ന് അധിക സമയത്തേക്ക് കളി നീണ്ടെങ്കിലും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഷൂട്ടൗട്ടില്‍ അത്‌ലറ്റികോയുടെ വിജയം.
ഷൂട്ടൗട്ടില്‍ അത്‌ലറ്റികോക്ക് വേണ്ടി ഗ്രിസ്മാന്‍, സുവാരസ്, ടോറസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ റൗള്‍ ഗാര്‍ഷ്യ, കോകെ എന്നിവര്‍ കിക്ക് നഷ്ടപ്പെടുത്തി. ബയേര്‍ ലെവര്‍ക്യൂസന് വേണ്ടി സൈമണ്‍ റോഫല്‍സ്, ഗൊണ്‍സാലോ കാസ്‌ട്രോ എന്നിവര്‍ മാത്രമാണ് ലക്ഷ്യം കണ്ടത്. ഹകന്‍ കല്‍ഹനാഗ്ലു, ഒമര്‍ ടൊപാര്‍ക്ക്, സ്‌റ്റെഫാന്‍ കീബ്ലിങ് എന്നിവരുടെ കിക്കുകള്‍ പാഴായി.
















