പേട്ട: താനൊരു വിഷാദ രോഗിയാണ്. തന്റെ വിഷാദരോഗം മാറ്റാന്‍ ആര്‍ക്കും കഴിയില്ലെന്നും സുഗതകുമാരി. ലോകാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് ചാക്ക ഐഎംഎ ഹാളില്‍ നടന്ന വിഷാദം വരൂ നമുക്ക് സംസാരിക്കാം എന്ന സന്ദേശത്തെ അടിസ്ഥാനമാക്കി ആരോഗ്യവകുപ്പ് സംഘടിപ്പിച്ച വിഷാദരോഗ ചികിത്സാക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
നമുക്കു ചുറ്റും സ്ത്രീപീഡനങ്ങളും കൊലപാതകങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നിരവധി പെണ്‍കുട്ടികളാണ് പീഡനത്തിനിരയായി തൂങ്ങി മരിക്കുന്നത്. ഇതൊക്കെ കണ്ട് തന്റെ മനസ്സ് വിഷാദത്തിലാണ്. നാട്ടില്‍ നടക്കുന്ന മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങള്‍ കണ്ടുംകേട്ടും അഹോരാത്രം പ്രതികരിച്ചിട്ടും ഫലമില്ലാത്ത സാഹചര്യമാണുളളത്. തന്റെ മുറവിളി കേള്‍ക്കാന്‍ ആരും തയ്യാറല്ല. താനുള്‍പ്പെടെയുളള സമൂഹം നേരിടുന്ന വിഷാദരോഗത്തിന് അറുതിവരുത്താന്‍ നാട്ടില്‍ അരങ്ങേറുന്ന ക്രൂരതകള്‍ ഇല്ലാതാക്കാന്‍ കഴിയുമോയെന്ന് സുഗതകുമാരി ചോദിച്ചു.
മന്ത്രി കടകംപളളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ഉദ്ഘാടനം ചെയ്തു. ആരോഗ്യകുടുംബക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ദേശീയ ആരോഗ്യദൗത്യം ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, വകുപ്പ് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ. ശ്രീകുമാര്‍, ഡോ എ. റംലാ ബീവി, ഡോ വി.ജി. പ്രദീപ്കുമാര്‍, ഡോ ബിന്ദു മോഹന്‍, ഡോ ജോസ് ഡിക്രൂസ് എന്നിവര്‍ സംസാരിച്ചു.
















