ഇരിങ്ങാലക്കുട:വൈദ്യുതി വിളക്കുകള്‍ കത്താത്തതിനാല്‍ നൂറുകണക്കിന് കുട്ടികള്‍ എത്തുന്ന മുനിസിപ്പല്‍ പാര്‍ക്ക് ഇരുട്ടില്‍.ഇരിങ്ങാലക്കുട നഗരസഭ റിപ്പബ്ലിക്ക് പാര്‍ക്കിലാണ് സന്ദര്‍ശകര്‍ ഇരുട്ടില്‍ തപ്പിനടക്കേണ്ട അവസ്ഥയുള്ളത്. വൈകുന്നേരങ്ങളില്‍ ഇവിടെ ഒട്ടനവധി സന്ദര്‍ശകരാണ് വരുന്നത്.
മദ്ധ്യവേനലവധി ആരംഭിച്ചതോടെ പാര്‍ക്കിലെത്തുന്ന കുട്ടികളുടെ എണ്ണവും കൂടിയിരിക്കുകയാണ്. നാലു മണി മുതല്‍ രാത്രി എട്ടുമണി വരെയാണ് പാര്‍ക്കിന്റെ സമയമെങ്കിലും നേരം ഇരുട്ടിയാല്‍ വിളക്കുകളില്‍ ഭൂരിഭാഗവും കത്താത്ത അവസ്ഥയിലാണ്. വെളിച്ചത്തിനായി 25 ഓളം സോളാര്‍ വിളക്കുകളാണ് പാര്‍ക്കിന്റെ പല ഭാഗത്തായി നഗരസഭ സ്ഥാപിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് സ്ഥാപിച്ച ഈ ലൈറ്റുകളില്‍ ഭൂരിഭാഗവും കത്തുന്നില്ല. നേരത്തെ പാര്‍ക്കിലെ തോട്ടത്തിലും മറ്റുസ്ഥലങ്ങളിലുമുള്ള സോളാര്‍ ലൈറ്റുകള്‍ മാത്രമാണ് കത്താതിരുന്നെങ്കില്‍ ഇപ്പോള്‍ കുട്ടികളുടെ പാര്‍ക്കിലേയും വിളക്കുകള്‍ കത്താത്ത അവസ്ഥയിലാണ്.
ഇതുമൂലം വൈകുന്നേരങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണം കുറഞ്ഞുവരികയാണ്. ഇക്കാര്യം നഗരസഭ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. തൊട്ടടുത്തുള്ള സ്വകാര്യ പാര്‍ക്ക് നല്ലരീതിയില്‍ സംരക്ഷിക്കുകയും കുട്ടികളെ ആകര്‍ഷിക്കുകയും ചെയ്യുമ്പോഴാണ് നഗരസഭ പാര്‍ക്കിന് ഈ ദുരവസ്ഥ.
സമയാസമയങ്ങളില്‍ സോളാര്‍ വിളക്കുകള്‍ അറ്റകുറ്റപണികള്‍ നടത്താഞ്ഞതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്‌ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. അടിയന്തിരമായി പാര്‍ക്കിലെ മുഴുവന്‍ സോളാര്‍ വിളക്കുകളും കത്തിച്ചു പ്രശ്‌നത്തിന് പരിഹാരം കാണണമെന്നു ജനങ്ങള്‍ അധികൃതരോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: