പുത്തൂര്‍: ബിജെപി ബൂത്ത് സെക്രട്ടറിക്ക് നേരെ മാര്‍ക്‌സിസ്റ്റ് അക്രമം. നെടുവത്തൂര്‍ പഞ്ചായത്തിലെ കല്ലേലില്‍ ബൂത്ത്‌സെക്രട്ടറി വള്ളിക്കാല കിഴക്കതില്‍ കനീഷിനാണ് അക്രമത്തില്‍ മാരകമായ പരിക്കേറ്റത്. തേവലപ്പുറം താമരംചിറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം അലങ്കോലപ്പെടുത്താനെത്തിയ അക്രമിസംഘത്തിന്റെ തേര്‍വാഴ്ചയിലാണ് കനീഷിന്റെ തലയക്ക് വെട്ടേറ്റത്. സാരമായി പരിക്കേറ്റ കനീഷ് കൊട്ടാരക്കര സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഡിവൈഎഫ്‌ഐ ക്രിമിനലായ പറങ്കിമാംവിളവീട്ടില്‍ അഖിലിനെതിരെ പരാതി നല്‍കി.
നേരത്തെയും ക്ഷേത്രത്തില്‍ മാര്‍ക്‌സിസ്റ്റ് സംഘം അക്രമം നടത്തിയിരുന്നു. ക്ഷേത്രത്തിന്റെ ചുവരുകളിലും സ്റ്റേജിലും ഡിവൈഎഫ്‌ഐ എന്ന് എഴുതിവെച്ച് പ്രകോപനം സൃഷ്ടിച്ചതിനെതിരെ നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. പിന്നീട് പാര്‍ട്ടിയുടെ തന്നെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് അത് മായ്ച്ചുകളഞ്ഞത്. ക്ഷേത്രോപദേശകസമിതി അംഗം കൂടിയാണ് അക്രമത്തിനിരയായ കനീഷ്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കനീഷിന്റെയും മറ്റും നേതൃത്വത്തിലുള്ള പ്രവര്‍ത്തനത്തിലൂടെ വാര്‍ഡില്‍ ബിജെപി മിന്നുന്ന പ്രകടനം കാഴ്ചവെച്ചിരുന്നു. ഇതേത്തുടര്‍ന്ന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സിപിഎം ബോധപൂര്‍വം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. സംഭവത്തില്‍ പുത്തൂര്‍ പോലീസ് അക്രമികള്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി. പ്രതിയെ ചൂണ്ടിക്കാട്ടിയിട്ടും വധശ്രമത്തിന് കേസെടുക്കാത്ത പോലീസ് നടപടി അപലപനീയമാണെന്ന് നേതാക്കള്‍ പറഞ്ഞു.
















