കുന്നത്തൂര്‍:’ഭീകരവാദികളെ കൂട്ടുപിടിച്ച് നിരീശ്വരവാദികളായ കമ്യൂണിസ്റ്റുകാര്‍ മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമം നടത്തുകയാണെന്നും മതവിശ്വാസികള്‍ ഒരുമിച്ചുനിന്ന് ഇതിനെ ചെറുത്ത് തോല്‍പ്പിക്കണമെന്നും ബിജെപി ദേശീയ സമിതിയംഗം വി.മുരളീധരന്‍ പറഞ്ഞു.
ചക്കുവള്ളി പരബ്രഹ്മക്ഷേത്രഭൂമിയിലെ സമരപന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ നിയമസംഹിത പാലിക്കപ്പെടാതിരുന്നാല്‍ അരാജകത്വത്തിലേക്ക് നീങ്ങും. നിയമം അംഗീകരിച്ച് ജീവിക്കുക എന്നതാണ് പൗരന്റെ കടമ. നിയമം അംഗീകരിക്കാന്‍ ചക്കുവള്ളി ക്ഷേത്രഭൂമിയിലെ വ്യാപാരികള്‍ തയ്യാറായി. എന്നാല്‍ ചില വര്‍ഗീയസംഘടനയും ഭരണനേതൃത്വവും അവരെ തെറ്റിലേക്ക് നയിക്കുകയായിരുന്നു. ഇവരുടെ കൈകടത്തല്‍ മൂലമാണ് ചക്കുവള്ളിയിലെ പ്രശ്‌നം ഇത്രയും വഷളായത്. നാദാപുരത്ത് ഖുറാന്‍ കത്തിച്ചുവരുടെ കൂട്ടരാണ് ഇവിടെയും പ്രശ്‌നക്കാര്‍. ചക്കുവള്ളിയില്‍ മതസ്പര്‍ധ ഉണ്ടാകുമെന്ന് ആരും ഭയപ്പെടണ്ട. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഭൂരിപക്ഷ സംരക്ഷണയിലാണ് എക്കാലവും നടന്നിട്ടുള്ളത്. ക്ഷേത്രഭൂമിയിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചശേഷം ആ സ്ഥലത്ത് പകരം സംവിധാനമുണ്ടാക്കുമ്പോള്‍ നിലവിലെ കച്ചവടക്കാര്‍ക്ക് മുന്‍ഗണന നല്‍കാന്‍ ക്ഷേത്രഭരണ സമിതി മുന്‍കൈയ്യെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, കര്‍ഷകമോര്‍ച്ച സംസ്ഥാനനേതാവ് ബൈജു ചെറുപൊയ്‌ക, മണ്ഡലം പ്രസിഡന്റ് ആര്‍.രാജേന്ദ്രന്‍പിള്ള, മണ്ഡലം ഭാരവാഹികളായ പി.എന്‍.മുരളീധരന്‍പിള്ള, മുതുപിലാക്കാട് രാജേന്ദ്രന്‍, സമരസമിതി നേതാക്കളായ പുത്തൂര്‍ തുളസി, ആര്‍.സുജിത്, ടി.രാജന്‍, ബിജു തുടങ്ങിയവര്‍ പങ്കെടുത്തു. സമരം പതിനെട്ടു ദിവസം പിന്നിട്ടിരിക്കുകയാണ്. ഇന്നുവൈകിട്ട് വിഎച്ച്പി സംസ്ഥാന വൈസ്പ്രസിഡന്റ് വി.ആര്‍.രാജശേഖരന്‍ ചക്കുവള്ളിയില്‍ സംസാരിക്കും. ആറിന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ സമരപന്തല്‍ സന്ദര്‍ശിക്കും.
















