തിരൂര്‍: സുപ്രിംകോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബിവറേജസുകള്‍ക്ക് പൂട്ടുവീണതോടെ കുടിയന്മാര് മദ്യത്തിനായി നെട്ടോട്ടമോടുകയാണ്. ജില്ലയില്‍ നിലവില്‍ തിരൂരിലെ ഒരു ഔട്ട്ലെറ്റ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെയാകട്ടെ യുദ്ധസമാനമായ അന്തരീക്ഷവും. ഭീകരമായ തിരക്കാണ് അനുഭവപ്പെടുന്നത്.
പരപ്പനങ്ങാടിയിലേ ബിവറേജ് കഴിഞ്ഞ സര്‍ക്കാരിന്റെ മദ്യനയം നടപ്പിലാക്കിയപ്പോള്‍ തന്നെ പൂട്ടിയിരുന്നു. ഇന്നലെ മുതല്‍ എടപ്പാളിലെയും പൊന്നാനിയിലേയും ബീവറേജസുകള്‍ പൂട്ടിയതോടെയാണ് തിരൂര്‍ ബിവറേജസില്‍ തിരക്ക് ക്രമാതീതമായി വര്‍ധിച്ചത്. അയല്‍ പ്രദേശത്തുള്ളവര്‍ രാവിലെ മുതല്‍ ഒരു തുള്ളി മദ്യത്തിനായി ക്യൂ നില്ക്കുന്ന കാഴ്ചയാണിവിടെ. പലരും ജോലിക്കു പോലും പോവാതെയാണ് രാവിലെ മുതല്‍ വരി നില്‍ക്കുന്നത്.
കഴിഞ്ഞ പുതുവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റുവരവുണ്ടായ ബീവറേജസാണ് തിരൂരിലേത്. അടുത്തു തന്നെ ഇത് ബീവറേജസ് സൂപ്പര്‍ മാര്‍ക്കറ്റ് ആക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. പക്ഷേ ഇതിനെതിരെ പരിസരവാസികള്‍ പ്രക്ഷോഭം തുടങ്ങാനിരിക്കുകയാണ്. ഇന്നലത്തെ തിരക്കില്‍ വാഹന ഗതാഗതവും സ്തംഭിക്കുന്ന അവസ്ഥയിലേക്കെത്തി. ബീവറേജസിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി നിരവധി പോലീസുകാരെ ഇവിടെ നിയമിക്കേണ്ടി വന്നു. നിരവധി ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഈ പ്രദേശത്തു നിന്നും ഈ ബിവറേജസ് മാറ്റണമെന്ന ആവശ്യം ശക്തമായി നിലനില്‍ക്കുന്നതിനിടെയാണ് നിലവിലുള്ള ചുരുങ്ങിയ സൗകര്യങ്ങള്‍ മാത്രമുള്ള ഈ സ്ഥലത്ത് ഉള്കൊള്ളാവുന്നതില് അധികം തിരക്ക് അനുഭവപ്പെടുന്നത്.
സംസ്ഥാന സര്‍ക്കാരിനെയും മുന്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരനെയും ശപിച്ചുകൊണ്ടാണ് ഓരോരുത്തരും വരി നില്‍ക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അനുഭവിക്കുമെന്നും കുടിയന്മാരുടെ വില സര്‍ക്കാര്‍ അറിയാന്‍ പോകുന്നതേയുള്ളെന്നും ചിലര്‍ ശപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: