പാലാ: നഗരസഭ പ്രദേശത്തെ ഏറ്റവും തിരക്കേറിയ നാലുവരി സമാന്തരപാത സാമൂഹികവിരുദ്ധരുടെ കൈപിടിയിലായി. വാഹനപാര്‍ക്കിങിന്റെ മറവില്‍ സാമൂഹികവിരുദ്ധര്‍ ഈ ഭാഗത്ത് താണ്ഡവമാടുകയാണ്. രാവിലെ ആറുമണി മുതല്‍ റോഡിന്റെ ഉരുവശത്തും സ്വകാര്യ ടാക്‌സി വാഹനങ്ങള്‍ പാര്‍ക്കിംഗിനായി എത്തിത്തുടങ്ങും. ഭൂരിഭാഗം വാഹനങ്ങളിലും പ്രണയസല്ലാപങ്ങളും മദ്യപാനവുമാണ്. വാഹന ബ്രോക്കര്‍മാരും ഇവിടെയാണ് തമ്പടിച്ചിരിക്കുന്നത്.
നഗരത്തിലെ പ്രധാന ആരാധനാലയത്തിലേക്കുളള പാതയാകയാല്‍ കാല്‍നടയാത്രക്കാര്‍ വളരെയാണ്. സിവില്‍ സ്റ്റേഷന് സമീപത്തുളള ബസ് സ്റ്റോപ്പില്‍ വാഹനമിറങ്ങുന്നവര്‍ ഈ ബൈപ്പാസ് റോഡിലൂടെയാണ് തൊടുപുഴ റോഡിലേക്ക് പ്രവേശിക്കുന്നത്. വൈകിട്ട് അഞ്ചുകഴിഞ്ഞാല്‍ സ്ത്രീകള്‍ ഇതുവഴിയുളള വഴിയാത്ര ഒഴിവാക്കുകയാണ്. ഇവിടെ പോലീസ് നിരീക്ഷണം കാര്യക്ഷമമല്ല എന്ന് പരാതിയുണ്ട്. സമാന്തരറോഡിലെ ഒരു പ്രമുഖ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ കളിസ്ഥലം കേന്ദ്രീകരിച്ചുളള കഞ്ചാവ് വിതരണം പോലീസ് നിരീക്ഷണം ശക്തമാക്കിയതോടെ അവസാനിച്ചിരുന്നു. ഇവര്‍ ഇപ്പോള്‍ കൊട്ടാരമറ്റത്തും നാലുവരി ബൈപ്പാസിലുമായിട്ടാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. കിഴതടിയൂര്‍ നാലുവരി പാതയിലെ വൈദ്യുതവിളക്കുകള്‍ ഭൂരിഭാഗവും മിഴിയടച്ചതും സാമൂഹികവിരുദ്ധര്‍ക്ക് സഹായകമായി. നഗരസഭയെവിവിരം ധരിപ്പിച്ചിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നതാണ് നാട്ടുകാരുടെ പരാതി.
















