ചിറയിന്‍കീഴ്: ആയിരകണക്കിന് ഭക്തജനങ്ങളെ സാക്ഷിയാക്കി ശാര്‍ക്കരയില്‍ ഗരുഡന്‍തൂക്കം. വ്യാഴാഴ്ച രാവിലെ 9.30ന് ആരംഭിച്ച തൂക്കം അഞ്ച് മണിയോടെ സമാപിച്ചു. രാവിലെ ഭഗവതി കൊട്ടാരത്തില്‍ നിന്ന് തൂക്കവ്രതക്കാര്‍ ഉടുത്തുകെട്ടും ചമയവുമണിഞ്ഞ് തുള്ളല്‍ഘോഷയാത്രയായി ദേവീ സന്നിധിയിലെത്തി ശ്രീകോവിലിനെ ഏഴ് വലം വച്ച ശേഷം 201 തൂക്കവ്രതക്കാര്‍ ശാര്‍ക്കരയമ്മയുടെ തിരുനടയില്‍ തൂക്കവില്ലേറി. ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആറാട്ട് എഴുന്നള്ളത്ത് ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട് ആല്‍ത്തമൂട്ടിലെത്തി ആറാട്ട് കഴിഞ്ഞ് ഭക്തിനിര്‍ഭരമായ ഘോഷയാത്രയോടെ പണ്ടകശാല വഴി രാത്രി ഒരു മണിയോടെ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ആറാട്ട്തിരിച്ചെഴുന്നള്ളത്തിനെ തുടര്‍ന്ന് വലിയകാണിക്കയും ശേഷം തൃക്കൊടിയിറക്കോടു കൂടി ശാര്‍ക്കര മീനഭരണി മഹോത്സവത്തിന് പരിസമാപ്തിയായി.
















