കൂത്തുപറമ്പ്: കൂത്തുപറമ്പ് വലിയവെളിച്ചത്തുള്ള കെഎസ്‌ഐഡിസി വ്യവസായ വളര്‍ച്ചാകേന്ദ്രത്തില്‍ പുതുതായി നിര്‍മിച്ച വര്‍ക്കിംഗ് വിമെന്‍സ് ഹോസ്റ്റലിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. മട്ടന്നൂര്‍ എംഎല്‍എ ഇ.പി.ജയരാജന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വ്യവസായം, സ്‌പോര്‍ട്‌സ് & യുവജനകാര്യ മന്ത്രി എ.സി. മൊയ്തീന്‍ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ എംപിമാരായ പി.കെ.ശ്രീമതി, മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ എംഎല്‍എമാരായ പി.ജയരാജന്‍, കെ.പി.മോഹനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് തുടങ്ങിയവര്‍ സംബന്ധിക്കും. സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ നിര്‍മ്മിച്ച ഹോസ്റ്റലില്‍ 650 വനിതകള്‍ക്ക് താമസ സൗകര്യമുണ്ട്.
















