കണ്ണൂര്‍: മുഖ്യധാരാ ബാങ്കുകള്‍നിന്നും വ്യത്യസ്തമായി പോസ്റ്റോഫീസ് ബാങ്കുകള്‍ ജനപ്രിയമാകുന്നു. മുഖ്യധാരാ ബാങ്കുകളേക്കാളും വേഗത്തില്‍ അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ സാധിക്കുന്നതിനാലും മികച്ച സേവനവും ലഭ്യമാകുന്നതിനാലുമാണ് കൂടുതലാളുകള്‍ പോസ്റ്റ് ഓഫീസുകളെ ആശ്രയിച്ചു തുടങ്ങിയത്. ഇടപാടുകള്‍ക്ക് പ്രത്യേക ഫീസ് ഇടാക്കാതെയും മറ്റ് മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയുമാണ് പോസ്റ്റോഫീസിലെ ബാങ്കിങ് സേവനം ശ്രദ്ധേയമാകുന്നത്. ജില്ലയിലെ പോസ്റ്റോഫീസുകളിലെല്ലാം ഏതാനും ദിവസങ്ങളിലായി അക്കൗണ്ട് ആരംഭിക്കാനെത്തുന്നവരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് പോസ്റ്റല്‍ അധികൃതര്‍ പറഞ്ഞു.
മുഖ്യധാരാ ബാങ്കുകളില്‍ പണമിടപാടിന് ഫീസുകള്‍ നല്‍കേണ്ടി വരുമ്പോള്‍ പോസ്റ്റ് ഓഫീസിലെ ബാങ്കിങ് സേവനത്തിന് സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നില്ല.അതിനാല്‍ തന്നെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുളള കേന്ദ്രത്തിലെ ബിജപി സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് സജീവമായി നടപ്പിലാക്കി തുടങ്ങിയ പോസ്റ്റല്‍ ബാങ്കിംഗ് സാധാരണക്കാര്‍ക്ക് അനുഗ്രഹമായി മാറിയിരിക്കുകയാണ്.
സേവിങ്ങ്‌സ് അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് പോസ്റ്റ് ഓഫീസ് ബാങ്കിന് പരിധിയില്ല. അക്കൗണ്ട് തുടങ്ങിയ പോസ്റ്റ് ഓഫീസി(ഹാം ബാങ്ക്)ന് പുറമെയുള്ള ഓഫീസുകളില്‍ നിന്ന് ഒരു തവണ 25,000 രൂപ മാത്രമേ പിന്‍വലിക്കാനാവൂ. അക്കൗണ്ട് ട്രാന്‍സ്ഫര്‍ സൗകര്യവുമുണ്ട്. പിന്‍വലിക്കാന്‍ ഇന്ത്യന്‍ പോസ്റ്റിന്റെ സ്വന്തം എടിഎമ്മുകളും ഉണ്ട്. നിലവില്‍ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെ പോസ്റ്റ് ഓഫീസിന്റെ എടിഎമ്മുകളുള്ളൂ. എന്നാല്‍ വൈകാതെ മറ്റ് സബ് ഓഫീസുകളിലും എടിഎം സ്ഥാപിക്കാന്‍ പോസ്റ്റല്‍ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കോര്‍ബാങ്ക് സംവിധാനത്തിലേക്ക് കടന്നതോടെയാണ് പോസ്റ്റ് ഓഫീസുകള്‍ ആധുനികവല്‍ക്കരിക്കപ്പെട്ടത്.. നെറ്റ് ബാങ്കിങ്, സ്വയം പണം നിക്ഷേപിക്കാനുള്ള യന്ത്രം തുടങ്ങിയവയും വൈകാതെ ആരംഭിക്കാനുളള ഒരുക്കത്തിലാണ് പോസ്റ്റല്‍ അധികൃതര്‍.
പോസ്റ്റ് ഓഫീസുകളിലെ സേവിങ്ങ്‌സ് അക്കൗണ്ടുകള്‍ക്ക് നാല് ശതമാനം പലിശയാണ് നല്‍കുന്നത്. ഒരു വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് ഏഴ്, രണ്ട് വര്‍ഷത്തേതിന് 7.1, അഞ്ച് വര്‍ഷത്തേതിന് 7.8 എന്നിങ്ങനെയാണ് പലിശ. എം.ഐ.എസ്(മാസ വരുമാന പദ്ധതി) നിക്ഷേപത്തിന് 7.7 ശതമാനമാണ് പലിശ. ഈ സ്‌കീമില്‍ 4,50,000 രൂപ വരെ നിക്ഷേപിക്കാം. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 5,00,000 രൂപ വരെ നിക്ഷേപിക്കാം. കിട്ടുന്ന പലിശയോ 8.5 ശതമാനവും. ആദായ നികുതിയെ പേടിക്കുന്നവര്‍ക്കുള്ളതാണ് എന്‍എസ്ഇ(നാഷണല്‍ സേവിങ്ങ്‌സ് സര്‍ട്ടിഫിക്കേറ്റ്). എട്ട് ശതമാനം പലിശ എന്‍എസ്ഇയ്‌ക്ക് കിട്ടും. നാട്ടിലുള്ള ബ്രാഞ്ച് പോസ്റ്റ് ഓഫീസില്‍ നിന്നോ ഉയര്‍ന്ന മറ്റ് പോസ്റ്റ് ഓഫീസുകളില്‍ നിന്നോ അക്കൗണ്ട് ആരംഭിക്കാം. അക്കൗണ്ട് തുടങ്ങിയ അന്നുതന്നെ ചെക്ക് ബുക്ക്, എടിഎം എന്നിവ ലഭിക്കമെന്നതും ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമാണ്. 24 മണിക്കൂറിനുള്ളില്‍ അക്കൗണ്ട് ആക്ടീവ് ആകും. ബ്രാഞ്ച് ഓഫീസില്‍ നിന്നാണ് അക്കൗണ്ട് ആരംഭിക്കുന്നതെങ്കില്‍ പാസ് ബുക്ക് ലഭിക്കാന്‍ ഒരു ദിവസം കാത്തിരിക്കേണ്ടി വരും. ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ്,ഫോട്ടോ എന്നിവയാണ് അക്കൗണ്ട് തുറക്കാന്‍ വേണ്ടത്. പത്ത് വയസുകാരനും അക്കൗണ്ട് തുടങ്ങാമെന്നും ജോയിന്റ് അക്കൗണ്ടുകളും ആരംഭിക്കാമെന്നും ഇതിന്റെ പ്രത്യേകതകളാണ്.
















