കണ്ണൂര്‍: വളപട്ടണത്ത് ലോറി ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും വെട്ടേറ്റു. ഗുരുതരമായി വെട്ടേറ്റ രണ്ടുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. തൃശ്ശൂര്‍ മണ്ണൂത്തി മുട്ടിക്കോട് സ്വദേശി ജിംനേഷ് (29), പെരുമ്പാവൂര്‍ മരുതമല മറ്റത്ത് ഹൗസില്‍ തോമസ് എന്ന മത്തായി (30) എന്നിവര്‍ക്കാണ് വെട്ടേറ്റത്. പെരുമ്പാവൂരില്‍നിന്നും കണ്ണൂരിലേക്ക് ചരക്കുമായെത്തിയ കെ.എല്‍.08 എഎസ് 3399 ലോറി ഡ്രൈവറാണ് ജിംനേഷ്. കണ്ണൂരിലേക്ക് ചരക്കുമായി വന്ന കെഎല്‍ 40 5634 ലോറി ക്ലീനറാണ് തോമസ് എന്ന മത്തായി. ചരക്കിറക്കിയതിന് ശേഷം പെരുമ്പാവൂര്‍ ഭാഗത്തേക്കുള്ള ലോഡ് പ്രതീക്ഷിച്ച് വളപട്ടണത്ത് നിര്‍ത്തിയിട്ട ശേഷം ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ഇരുവരും. ഹോട്ടല്‍ ജീവനക്കാരുമായുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് നാലംഗ സംഘം മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നുവത്രേ. വെട്ടേറ്റ ജിംനേഷിന്റെ കാല്‍ ഞരമ്പ് മുറിഞ്ഞ നിലയിലാണ്. ഹോട്ടല്‍ ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
















