അമ്പലപ്പുഴ: കണ്ണനെ കാണാന്‍ കുചേലനെത്തി, കുചേലന് ദക്ഷിണ നല്‍കി ഭക്തര്‍ സായൂജ്യരായി. 17 വര്‍ഷമായി സപ്താഹവേദികളില്‍ കുചേലവേഷം കെട്ടുന്ന മാധവനുണ്ണി (67) എത്തിയത് ഭഗവാനെ ദര്‍ശിക്കാന്‍. കരുമാടി സ്വദേശി ആയിരുന്ന മാധവനുണ്ണി ഭോപ്പാലില്‍ എംഎസിടിയിലെ ജീവനക്കാരനായിരുന്നു.
വിരമിച്ചതോടെ ഇനിയുള്ള ജീവിതം ഭാഗവതസന്ദേശം പ്രചരിപ്പിക്കുന്നതിനു സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. ഇതിനായി സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ സപ്താഹങ്ങള്‍ നടക്കുന്ന ഓണാട്ടുകരയിലെ ചെട്ടികുളങ്ങരയില്‍ വീട് വാടകയ്‌ക്കെടുത്ത് താമസം തുടങ്ങി. സപ്താഹവേദികളില്‍ ആറാം ദിനമായ കുചേല സദ്ഗതി ദിവസം കുചേല വേഷം കെട്ടും. ഭഗവാനോട് കരഞ്ഞു പറയുന്നവന് അനുഗ്രഹം ഉറപ്പാണെന്ന സന്ദേശമാണ് ഭക്തര്‍ക്ക് മാധവനുണ്ണി നല്‍കുന്നത്.
കുചേല വേഷത്തിന് യോഗ്യന്‍ മാധനുണ്ണി തന്നെയെന്ന് മനസ്സിലാക്കി നാല്പതോളം സപ്താഹ ആചാര്യന്മാരാണ് മാധവനുണ്ണിയെ കുചേല സദ്ഗതി ദിവസം കുചേല വേഷം കെട്ടുവാന്‍ വിളിക്കുന്നത്. അവിവാഹിതനായ മാധവനുണ്ണി ഇപ്പോള്‍ ജീവിക്കുന്നതുതന്നെ ഭഗവദ് സന്ദേശം പ്രചരിപ്പിക്കാനാണ്. ഭക്തരില്‍ നിന്നും കിട്ടുന്ന ദക്ഷിണ വീടിനു വാടക നല്‍കാനായി ഉപയോഗിക്കും.
















