കൊച്ചി: കൊച്ചി മെട്രോ റെയില്‍ പളത്തിന്റെ തൂണുകള്‍ക്കിടയില്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ സ്ഥാപിക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ രണ്ടു മാസത്തിനകം തുടങ്ങുമെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്ജ് അറിയിച്ചു. ഓരോ ആറാമത്തെ തൂണുകള്‍ക്കിടയിലായിരിക്കും ഗാര്‍ഡനുകള്‍. മറ്റു തൂണുകള്‍ പരസ്യത്തിനായി ഉപയോഗിക്കും.
കാക്കനാട് വരെയുള്ള മെട്രോയുടെ രണ്ടാം ഘട്ടത്തിന് ഫ്രഞ്ച് വായ്‌പ ഏജന്‍സിയുടെ തത്വത്തിലുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയാണ് ഇനി ആവശ്യം. അതേസമയം മെട്രോ പശ്ചിമ കൊച്ചി വരെ നീട്ടുന്നത് പ്രായോഗികമെല്ലെന്നാണ് കെഎംആര്‍എല്‍ വിലയിരുത്തല്‍. പദ്ധതിക്കായി നിരവധി വീടുകള്‍ പൊളിക്കേണ്ടി വരും. സ്ഥലമെടുപ്പിന്റെയും ഫണ്ടിങിന്റെയും പ്രശ്നങ്ങളും പദ്ധതി സാധ്യതകള്‍ ഇല്ലാതാക്കിയതായി ഏലിയാസ് ജോര്‍ജ്ജ് പറഞ്ഞു.
എന്നാല്‍ പശ്ചിമ കൊച്ചിയിലേക്കുള്ള വാട്ടര്‍ മെട്രോ പദ്ധതിക്കുള്ള ജനറല്‍ കണ്‍സള്‍ട്ടന്റ് ഏജന്‍സിയെ അടുത്ത മാസം അവസാനം ചേരുന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനിക്കും. ഇവരുടെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ പ്രവര്‍ത്തനങ്ങള്‍. 2018 വര്‍ഷാവസനത്തോടെ ബോട്ടുകള്‍ വാങ്ങുന്നടക്കമുള്ള നടപടികള്‍ തുടങ്ങാനാണ് കെഎംആര്‍എല്‍ ലക്ഷ്യമിടുന്നത്, എംഡി പറഞ്ഞു.
















