കറുകച്ചാല്‍: ഷിജിയുടെ മരണത്തോടെ നിരാലംബരായ കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാരും സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്ന് കുടുംബ സഹായനിധി രൂപീകരിച്ചു.
നിര്‍ത്തിയിട്ടിരുന്ന സ്വകാര്യബസിന്റെ പിന്നില്‍ ബൈക്കിടിച്ചുകയറിയ അപകടത്തില്‍ ചീങ്കണ്ണിക്കല്‍ പരേതനായ സക്കറിയ ചെറിയാന്റെ മകന്‍ ഷിജി (38) മരിച്ചതോടെ രോഗിയായ മാതാവും ഭാര്യയും സഹോദരനും അടങ്ങുന്ന കുടുംബം ദുരിതത്തിലായിരുന്നു.
സഹായനിധി രൂപീകരണ സമ്മേളനം ഫാ. ജോസഫ് പ്ലാക്കൂട്ടം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജുകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അജിത്ത് മുതിരമല, പഞ്ചായത്ത് വൈസ്പ്രസിഡന്റ് ബിന്ദു വിജയാനന്ദ്, പഞ്ചായത്ത് അംഗങ്ങളായ അജിത്കുമാര്‍, സുനില്‍ ഈശോ, സജി നീലത്തും മുക്കില്‍, മാത്യുജോണ്‍, രാഷ്‌ട്രീയനേതാക്കളായ ജോസ്ചമ്പക്കര, രാജു തെക്കേക്കര എന്നിവര്‍ പ്രസംഗിച്ചു. 26 ന് രാവിലെ 11ന് കറുകച്ചാല്‍ പഞ്ചായത്തിലെ ഏഴുമുതല്‍ പത്തുവരെയുള്ള വാര്‍ഡുകളിലെ വീടുകളിലും സ്ഥാപനങ്ങളിലും സന്ദര്‍ശനം നടത്തി സഹായധനം സമാഹരിക്കും.
















