
ധര്‍മ്മടം(കണ്ണൂര്‍): സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ സന്തോഷ് കുമാറിന്റെ വീട് സുരേഷ് ഗോപി എംപി സന്ദര്‍ശിച്ചു. ഇന്നലെ വൈകുന്നേരം ബിജെപി-ആര്‍എസ്എസ് നേതാക്കളൊടൊപ്പം സന്തോഷ് കൊല്ലപ്പെട്ട അണ്ടല്ലൂരിലെ വീട്ടിലെത്തിയ സുരേഷ്‌ഗോപി സന്തോഷിന്റെ കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചു. അദ്ദേഹം സന്തോഷിന്റെ മകന്‍ സാരംഗിന്റെ ബയോഡാറ്റ ഓഫീസിലേക്ക് അയച്ചു കൊടുക്കാനാവശ്യപ്പെടുകയും ജോലി സംബന്ധമായ കാര്യങ്ങളില്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു. മകള്‍ വിസ്മയക്ക് തുടര്‍ പഠനത്തിനും ഐഎഎസ് ഉള്‍പ്പെടെ നേടുന്നതിനുളള പരിശീലനത്തിന് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. കൂടാതെ പ്രതിബന്ധങ്ങളെയെല്ലാം തട്ടിമാറ്റി നന്നായി പഠനം തുടരണമെന്നും സര്‍ഗ്ഗാത്മകമായ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ സമയം കണ്ടെത്തണമെന്നും അദ്ദേഹം വിസ്മയയെ ഓര്‍മ്മിപ്പിച്ചു. സന്തോഷിന്റെ ഭാര്യ ബേബിയോട് കുടുംബകാര്യങ്ങളെല്ലാം അദ്ദേഹം അന്വേഷിക്കുകയും ചെയ്തു.
ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.വി.രത്‌നാകരന്‍, സെക്രട്ടറി ഹരിദാസ്, നേതാക്കളായ ആര്‍.കെ.ഗിരിധരന്‍, ഹരീഷ്ബാബു, ജിനചന്ദ്രന്‍, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് ശ്യംമോഹന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
















