കണ്ണൂര്‍: ബാന്റ് വാദ്യങ്ങള്‍ മുഴക്കിയും വിവിധ വര്‍ണ്ണങ്ങള്‍ പരസ്പരം വാരിയെറിഞ്ഞും ഇതര സംസ്ഥാനക്കാരുടെ ഹോളി ആഘോഷം കണ്ണൂരില്‍ പൊടിപൊടിച്ചു. രാജസ്ഥാന്‍ സമാജ് കണ്ണൂരിന്റെ നേതൃത്വത്തിലാണ് ഹോളി ആഘോഷിച്ചത്. നൂറോളം ഉത്തരേന്ത്യന്‍ യുവാക്കള്‍ ആഘോഷത്തില്‍ പങ്കെടുത്തു. കണ്ണൂര്‍ ഫോര്‍ട്ട് റോഡില്‍ നിന്ന് ഉച്ചയ്‌ക്ക് രണ്ടു മണിയോടെ തുടങ്ങിയ ആഘോഷം നഗരംചുറ്റി പഴയ ബസ് സ്റ്റാന്റിനു സമീപം സമാപിച്ചു. ഉത്തരേന്ത്യയില്‍ നിന്ന് കണ്ണൂരില്‍ ജോലിക്കെത്തിയ രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ആഘോഷത്തില്‍ പങ്കെടുത്തത്. നഗരത്തില്‍ വര്‍ണ്ണങ്ങള്‍ വാരിയെറിഞ്ഞും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തുമായിരുന്നു ആഘോഷം.
ഉത്തരേന്ത്യയില്‍ വസന്തകാലത്തെ എതിരേല്‍ക്കാനാണ് ഹോളി ആഘോഷിക്കുന്നത്. പരസ്പരം നിറങ്ങള്‍ വാരിയെറിയുമ്പോള്‍ പരസ്പരമുള്ള ശത്രൂതകള്‍ ഇല്ലാതാവുന്നു എന്നതാണ് വിശ്വാസം. കുടുതല്‍ കൃഷി ലഭിക്കുന്നതിനാണ് ഉത്തരേന്ത്യയില്‍ കര്‍ഷകര്‍ ഹോളി ആഘോഷിക്കുന്നത്.
















