കണമല: അപൂര്‍വ്വമായ ജനിതക പ്രത്യേകതകളുമായി ആടിന്റെ ഉടലും രണ്ട് നാക്കുമായി പശുകിടാവ് പിറന്നു. പമ്പാവാലി ആറാട്ടുകയം ചെങ്കല്‍മാക്കല്‍ രാജുവിന്റെ നാല് വയസ്സുള്ള മാളുവെന്ന പശുവിന്റെ കിടാവിനാണ് ഈ പ്രത്യകതകള്‍. ഇരുകൈകളില്‍ നാല് വീതം കുളമ്പുകളുണ്ട്. രണ്ടായി തിരിഞ്ഞ ചെവികളും, ചെറിയ കണ്ണുകളും, മൂക്കും. പശുവുമായി ആകെ സാമ്യമുള്ളത് ഇരുകാലുകളിലെ കുളമ്പുകള്‍ക്ക് മാത്രം. രണ്ട് നാക്കുകളില്‍ ഒന്ന് മേലണ്ണാക്കിലേയ്‌ക്കും, മറ്റൊന്ന് വായയുടെ പുറത്തേയ്‌ക്കുമാണ്. ഭക്ഷണം നല്‍കിയാല്‍ മൂക്കില്‍കൂടി പുറത്ത് വരും. വലിപ്പവും, തൂക്കവും സാധാരണ നിലയിലാണ്. മുട്ടനാടിനോട് സാമ്യമുണ്ട്. ഇതിനെ കാണാന്‍ നിരവധി നാട്ടുകാരാണ് എത്തുന്നത്. ജനിച്ചതിന് ശേഷം ഒരു തവണ മാത്രമേ കരഞ്ഞിട്ടുള്ളു. ഏഴ് വര്‍ഷമായി പശുക്കളെ വളര്‍ത്തുന്ന രാജുവിന് മാളുവിനെ കൂടാതെ മൂന്ന് പശുവും ഒരു എരുമയുമുണ്ട്. മൂക്കന്‍പെട്ടിയിലുള്ള വെറ്ററിനറി കമ്പൗണ്ടറാണ് മാളുവിന് കുത്തിവയ്‌പ്പുവഴി ബീജസങ്കലനം നടത്തിയത്. മാളുവിന് ഇത് രണ്ടാമത്തെ പ്രസവമാണ്. ആദ്യത്തേത് പശുകിടാരിയായിരുന്നു. ഇത്തവണത്തെ പ്രസവത്തില്‍ അപൂര്‍വ്വതകളുമായി കിടാരി പിറന്നത് ബീജസങ്കലനത്തിലെ അപാകതകളാകാമെന്നാണ് സംശയം.
















