അമ്പലപ്പുഴ: ജില്ലയിലെ ഏക ഗവ.കോളേജിന് ബജറ്റില്‍ കടുത്ത അവഗണന. പുതിയ കോഴ്‌സുകള്‍ ആരംഭിക്കാത്തതിനാല്‍ കോളേജിന്റെ വികസനം മുരടിക്കുന്നു. അമ്പലപ്പുഴ കോളേജിനാണ് ഈ ദുരവസ്ഥ. ജില്ലയില്‍ നിന്നു ള്ള രണ്ടു മന്ത്രിമാര്‍ തമ്മിലുള്ള ഭിന്നതയാണ് അവഗണനയ്‌ക്ക് കാരണമെന്ന് ആരോപണം ഉയരുന്നു.
2006ലാണ് കോളേജ് അമ്പലപ്പുഴയില്‍ ആരംഭിച്ചത്. തുടക്കത്തില്‍ അമ്പലപ്പുഴ കെകെ കുഞ്ചു പിള്ള സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെട്ടിടത്തിലായിരുന്നു കോളേജിന്റെ പ്രവര്‍ത്തനമാരംഭിച്ചത്. പിന്നീട് കഴിഞ്ഞ ഗവ. പടിഞ്ഞാറെ നടയില്‍ കെട്ടിടം യാഥാര്‍ത്ഥ്യമാക്കിയതോടെ പുതിയ കോഴ്‌സുകള്‍ ആരംഭിക്കണമെന്നും ആവശ്യമുയര്‍ന്നു. നിലവില്‍ ബിഎ എക്കണോമിക്‌സ്, ബിഎസ്‌സി മാത്ത്‌സ്, ബികോം, എന്നീ കോഴ്‌സുകള്‍ പഠിപ്പിക്കാമെന്ന് അധികൃതരും പിടിഎയും അറിയിച്ചിട്ടും ഇവയ്‌ക്ക് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ജില്ലയുടെ വടക്കന്‍ മേഖലയില്‍ മറ്റൊരു ഗവ. കോളേജു തുടങ്ങാന്‍ ധനമന്ത്രി തോമസ് ഐസക്ക് സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങിക്കഴിഞ്ഞു.
ഈ സാഹചര്യത്തിലാണ് അമ്പലപ്പുഴ ഗവ.കോളേജിന് പണം അനുവദിക്കാന്‍ ധനകാര്യ വകുപ്പ് വിമുഖത കാട്ടുന്നത്. നിലവില്‍ 25 ഓളം ക്ലാസ്സുമുറികള്‍ കോളേജില്‍ ഉപയോഗശൂന്യമായി കിടക്കുമ്പോഴും അനുവദിക്കാത്ത പിജി ക്ലാസ്സുകള്‍ക്കായി പുതിയ ബ്ലോക്ക് നിര്‍മ്മിക്കാനായി നാലരക്കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. പുതിയ കോഴ്‌സുകള്‍ അനുവദിച്ചാല്‍ ഇപ്പോള്‍ ഉപയോഗശൂന്യമായുള്ള ക്ലാസ്സ് മുറികളില്‍ ഇതിന്റെ അദ്ധ്യയനം നടത്താന്‍ കഴിയും.
പുതിയ പിജി കോഴ്‌സുകള്‍ ഇവിടെ യില്ലാത്തതിനാല്‍ ഈ കോളേജില്‍ നിന്ന് അദ്ധ്യയനം കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ത്ഥികളുടെ ഉപരിപഠനവും പ്രതിസന്ധിയിലായിരിക്കുകയാണ്. രണ്ടു മന്ത്രിമാര്‍ തമ്മിലുള്ള ശീതസമരം മൂലം ജില്ലയിലെ ഏക ഗവ.കോളേജിന്റെ ഭാവിയാണ് ഇല്ലാതാകുന്നത്.















