ചേര്‍ത്തല: തീരമേഖലയില്‍ വറുതി. ഇരുട്ടടിയായി സിവില്‍ സപ്ലൈസ് വകുപ്പിന്റെ നിലപാട്. വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി പി. തിലോത്തമന്റെ മണ്ഡലത്തിലെ തീരവാസികളാണ് ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം പൂര്‍ണമായി റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ നിന്ന് പുറംതള്ളപ്പെട്ടത്.
രാഷ്‌ട്രീയ വൈരമാണ് നടപടിക്ക് കാരണമായതെന്നാണ് മത്‌സ്യത്തൊഴിലാളികള്‍ ഉയര്‍ത്തുന്ന വിമര്‍ശനം. തങ്ങളുടെ ഇഷ്ടക്കാരെ ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ പട്ടികയെ ചൊല്ലി മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. രാഷ്‌ട്രീയ നിറത്തിന്റെ പേരില്‍ പട്ടികയില്‍ നിന്ന് പുറത്താക്കിയതിനെതിരെ പ്രത്യക്ഷസമരപരിപാടികള്‍ ആരംഭിക്കാനുള്ള നീക്കവും ആരംഭിച്ചു.
ഇതിന് മുന്നോടിയായി 12ന് അര്‍ത്തുങ്കലില്‍ സ്വതന്ത്ര മല്‍സ്യ തൊഴിലാളി സെന്ററിന്റെ നേതൃത്വത്തില്‍ ആലോചനാ യോഗം നടക്കും. വര്‍ഷത്തില്‍ 100 തൊഴില്‍ദിനങ്ങള്‍ പോലും ലഭിക്കാത്ത ഇവരെ മുന്‍ഗണനാ പട്ടികയില്‍ നിന്ന് പുറത്താക്കിയത് രാഷ്‌ട്രീയ ഭേദമന്യേ കടുത്ത വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. തീരവാസികളോടുള്ള വിവേചനത്തിനെതിരെ സമരപരിപാടികള്‍ സംഘടിപ്പിക്കുവാനാണ് സംഘടനയുടെ തീരുമാനം.















